താനൂര്‍ : താനൂര്‍ മേഖലയില്‍ രണ്ടിടങ്ങളില്‍ മിഠായി കാണിച്ച് വശീകരിച്ച് വിദ്യാര്‍ഥികളെ തട്ടി?ക്കൊണ്ടുപോകാന്‍ ശ്രമം. പുത്തന്‍തെരുവിലും ചീരാന്‍കടപ്പുറത്തുമാണ് ഭീതിപരത്തി സമാന സംഭവം. മൂലക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപത്തുനിന്ന് പുത്തന്‍തെരു എ.എല്‍.പി. സ്‌കൂളിലേക്ക് വരുകയായിരുന്ന നാലാംക്ലാസ് വിദ്യാര്‍ഥിനിക്ക് ദേവധാര്‍ റെയില്‍വേ അടിപ്പാതയ്ക്കു സമീപം വെച്ചാണ് അപരിചിതന്‍ മിഠായി നല്‍കാന്‍ ശ്രമിച്ചത്. കുട്ടി മിഠായി വാങ്ങാതായതോടെ കത്തിയെടുത്തു ചൂണ്ടി. ഇതിനിടെ കുട്ടി സ്‌കൂളിലേക്ക് ഓടിക്കയറുകയായിരുന്നു. രാവിലെ 10-നാണ് സംഭവം. വിവരമറിഞ്ഞ് സ്‌കൂള്‍ അധികൃതരും പോലീസും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. മുടി നീട്ടി കറുത്ത ഷര്‍ട്ട് ധരിച്ച് കൈയില്‍ ബാഗുമായാണ് അപരിചിതന്‍ വന്നതെന്ന് കുട്ടി പറഞ്ഞു.
ചീരാന്‍കടപ്പുറത്ത് ജുമാമസ്ജിദിനു സമീപം മദ്രസയിലേക്കു വരികയായിരുന്ന വിദ്യാര്‍ഥിക്കു നേരെയും തട്ടിക്കൊണ്ടുപോകല്‍ ശ്രമമുണ്ടായി. രാവിലെ ഏഴിനാണ് സംഭവം. നീളന്‍ മുടിയും കറുത്ത മാസ്‌കും ധരിച്ച ആളായിരുന്നു. ഇവിടെയും മിഠായി കാണിച്ചാണ് പ്രലോഭിപ്പിച്ചത്. വാങ്ങാന്‍ മടിച്ചതോടെ ശകാരിച്ചു. ഉടന്‍തന്നെ വന്ന കറുത്ത വാനില്‍ കയറി അതിവേഗം രക്ഷപ്പെട്ടു.