Wednesday, August 6

മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക

മലപ്പുറം : മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വ ബോധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക. ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

പ്രസവിച്ചയുടനെ ഊറിവരുന്ന ഇളംമഞ്ഞ നിറമുള്ള പാലായ കൊളസ്ട്രം നല്‍കുന്നുവെന്ന് ഉറപ്പാക്കാനും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതോടൊപ്പം ടൈപ്പ് രണ്ട് പ്രമേഹം, ശ്വാസ കോശ രോഗങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യത കുറയ്ക്കുക എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കുകയാണ് വാരാചരണ ലക്ഷ്യം.

ആനക്കയം കെപിപിഎം ടീച്ചര്‍ എഡ്യൂക്കേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ബിനു ബാബു അധ്യക്ഷയായി. സെമിനാറില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി മുലയൂട്ടലിനു മുന്‍ഗണന നല്‍കുക, സുസ്ഥിര പിന്തുണ സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുക എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. ഷാഹുല്‍ ഹമീദ്, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ദിവ്യ ഇ.ആര്‍, അധ്യാപക വിദ്യാര്‍ത്ഥികളായ അഭിനവ് കൃഷ്ണ, കെ. അമൃത എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ വാരാചരണത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളില്‍ ഇത് സംബന്ധിച്ച് വിവിധ സാമൂഹ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

error: Content is protected !!