കായികരംഗത്ത് കാലിക്കറ്റ് കേരളത്തിന് മാതൃക – മന്ത്രി വി. അബ്ദുറഹ്‌മാന്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം

കായിക രംഗത്ത് കേരളത്തിന് തന്നെ മാതൃകയായും ചരിത്രം സൃഷ്ടിച്ചും കാലിക്കറ്റ് സര്‍വകലാശാല മുന്നേറുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ കായികപുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളിലെ വിജയികളായി 321 താരങ്ങള്‍ക്കും മികച്ച കോളേജുകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഇത്രയേറെ കിരീടങ്ങള്‍ നേടുകയും 20 ഒളിമ്പ്യന്മാരെ സൃഷ്ടിക്കുകയും ചെയ്ത കാലിക്കറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. അടിസ്ഥാന കായിക വിദ്യാഭ്യാസം പ്രൈമറിതലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് അറിവ് നല്‍കും. ഇതിനായി താത്കാലികമായി അധ്യാപകരെ നിയമിക്കും. ഇതുവഴി ഹൈസ്‌കൂള്‍ തലത്തിലെത്തുമ്പോഴേക്കും നല്ല താരങ്ങളെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. പി. റഷീദ് അഹമ്മദ്, അഡ്വ. ടോം കെ. തോമസ്, ഡോ. കെ.പി. വിനോദ് കുമാര്‍, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. ഹരിദയാല്‍ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം

2021-22 അധ്യയന വര്‍ഷത്തെ മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള  കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കരസ്ഥമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് രണ്ടാം സ്ഥാനവും ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തില്‍ ഇത് യഥാക്രമം സെന്റ് തോമസ്, ക്രൈസ്റ്റ്, ഫാറൂഖ് കോളേജ് എന്നിവയ്ക്കാണ്. വനിതാ വിഭാഗത്തില്‍ തൃശ്ശൂര്‍ വിമല, ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുട എന്നിവയാണ് ജേതാക്കള്‍. 10000, 9000, 5000 രൂപ ക്രമത്തിലാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും മികച്ച കോളേജുകള്‍ക്ക് 75000, 50000, 25000 രൂപ ക്രമത്തിലും ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. 40 ലക്ഷത്തോളം രൂപയാണ് പുരസ്‌കാരമായി വിതരണം ചെയ്തത്.

error: Content is protected !!