
തേഞ്ഞിപ്പലം : മികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 – 25 വര്‍ഷത്തെ കായികപുരസ്‌കാരങ്ങളില്‍ മൂന്നിലും ഒന്നാമതായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. ഓവറോള്‍ വിഭാഗത്തില്‍ 2981 പോയിന്റും വനിതാ – പുരുഷ വിഭാഗങ്ങളില്‍ യഥാക്രമം 1157, 1724 പോയിന്റുകളും കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് മേധാവിത്വം. വിജയികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, കൊടകര സഹൃദയ കോളേജ് എന്നിവയ്ക്കാണ് ഓവറോള്‍ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. വനിതാവിഭാഗത്തില്‍ തൃശ്ശൂര്‍ വിമലാ കോളേജ് രണ്ടാം സ്ഥാനവും പാലക്കാട് മേഴ്‌സി കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മൂന്നാം സ്ഥാനം നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കോളേജുകള്‍ക്ക് ഒരുലക്ഷം, എഴുപത്തയ്യായിരം, അമ്പതിനായിരം രൂപ എന്ന ക്രമത്തിലാണ് ക്യാഷ് അവാര്‍ഡ്. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വിജയികളായ 281 കായിക താരങ്ങള്‍ക്കും അവരുടെ പരിശീലകര്‍ക്കുമായി 38 ലക്ഷം രൂപയുടെ അവാര്‍ഡുകളാണ് ഇത്തവണ വിതരണം ചെയ്തത്. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എം.ബി. ഫൈസല്‍, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, ഡോ. പി. റഷീദ് അഹമ്മദ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. ബിപിൻ, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. സി. രാജേഷ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ രക്ഷാധികാരി യു. തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയിലെ ഒളിമ്പിക്‌സില്‍
കാലിക്കറ്റ് താരങ്ങള്‍ അഭിമാനമാകും- മന്ത്രി അബ്ദുറഹ്‌മാന്‍
ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഒളിമ്പിക്‌സില്‍ കാലിക്കറ്റില്‍ നിന്നുള്ള താരങ്ങളാകും കേരളത്തിന്റെ അഭിമാനപാരമ്പര്യം തുടരുകയെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ 2024 – 25 വര്‍ഷത്തെ കായികപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപതിലേറെ ഒളിമ്പ്യന്മാരും നിരവധി അര്‍ജുന ജേതാക്കളുമുള്ള കാലിക്കറ്റ് രാജ്യത്തിന് മാതൃകയാണ്. കേരളത്തിലെ കോളേജുകളിലും സര്‍വകലാശാലകളിലും സ്‌റ്റേഡിയവും സിന്തറ്റിക് ട്രാക്കും ഉള്‍പ്പെടെയുള്ള കായികവികസനം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്താദ്യമായി കോളേജ് സ്‌പോര്‍ട്‌സ് ലീഗ് തുടങ്ങിയതും നേട്ടമാണ്. മെസ്സിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി മലബാറില്‍ നടത്തുന്ന ഫാന്‍സ്‌ഷോയ്ക്ക് പ്രഥമപരിഗണന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിനായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിന് സ്ഥലം ലഭ്യമാക്കാനായി വൈസ്ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.
ഫോട്ടോ :
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷനില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഓവറോള്‍ പുരസ്‌കാരം സമ്മാനിക്കുന്നു
പി.ആർ. 1131/2025
വടംവലി മത്സരം സംഘടിപ്പിച്ചു
ഫോട്ടോ : ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി സർവകലാശാലാ കായിക വിഭാഗവും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ വിജയിച്ച ടീമിന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ ട്രോഫി സമ്മാനിക്കുന്നു
പി.ആർ. 1132/2025
സെനറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം സെപ്റ്റംബർ 11-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളിൽ ചേരും. വൈസ് ചാൻസിലറെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനാണ് യോഗം.
പി.ആർ. 1133/2025
പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി:
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിലെ 2025 അധ്യയന വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാമിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ സൈക്കോളജി പഠന വകുപ്പിൽ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407017, 2407016 (പ്രവേശന വിഭാഗം), 0494 2407358 (സൈക്കോളജി പഠനവകുപ്പ്).
പി.ആർ. 1134/2025
കുറ്റിപ്പുറം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ
എം.ബി.എ. സീറ്റൊഴിവ്
കുറ്റിപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്.എം.എസ്.) 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാമിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്., ഒ,ബി.സി. സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ രജിസ്‌ട്രേഷൻ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ : 0494 2607224, 9562065960.
പി.ആർ. 1135/2025
പരീക്ഷാഫലം
നാലാം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് എം.എസ് സി. – ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. – ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, സോഷ്യോളജി – (2021 പ്രവേശനം മുതൽ) ഏപ്രിൽ 2025, (2020 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (2018 മുതൽ 2020 വരെ പ്രവേശനം) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
പി.ആർ. 1136/2025
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എം.എ. അറബിക്, ഹിസ്റ്ററി, മലയാളം, സോഷ്യോളജി, എം.എസ് സി. – കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, എം.കോം., വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. അറബിക് ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1137/2025
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.പി.എഡ്. നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1138/2025