കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗത്തെ അയോഗ്യനാക്കി. റഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന എസ്എഫ്‌ഐ പരാതി അംഗീകരിച്ച് എംഎസ്എഫ് പ്രതിനിധി അമീന്‍ റാഷിദിനെയാണ് അയോഗ്യനാക്കിയത്. സര്‍വകലാശാല രജിസ്ട്രാറുടെയാണ് നടപടി. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ ജോലി ചെയ്യുമ്പോഴാണ് സീ ഡാക് കോളജില്‍ ബി.എക്ക് ചേര്‍ന്ന അമീന്‍ റെഗുലര്‍ വിദ്യാര്‍ത്ഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചതെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അംഗത്തെ അയോഗ്യനാക്കിയത്.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി എംഎസ്എഫ് രംഗത്തെത്തി. അയോഗ്യനാക്കിയ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എംഎസ്എഫ് അറിയിച്ചു. എംഎസ്എഫ് പാനലില്‍ അമീന്‍ അടക്കം നാല് പേരാണ് ജയിച്ചിരുന്നത്.