
സ്വാതന്ത്ര്യം ലഭിച്ചത് രാജ്യത്തിന് മാത്രം – സോഷ്യോ വാസു
സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യക്ക് മാത്രമാണെന്നും ഇന്ത്യക്കാരായ നമുക്ക് ഇപ്പോഴും പല കാര്യത്തിലും പരിപൂര്‍ണ സ്വാതന്ത്ര്യം ഇല്ലെന്നും സ്വാതന്ത്ര്യ സമരസേനാനി സോഷ്യോ വാസു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗം സംഘടിപ്പിച്ച ‘ഫ്രീഡം ഫെസ്റ്റ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലമായിട്ടും നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ രാജ്യത്ത് അനുവാദമില്ല. അഭിപ്രായം പറഞ്ഞാല്‍ ചിലപ്പോള്‍ രാജ്യദ്രോഹിയാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം രാത്രിയും പകലും സ്വതന്ത്രമായി നടക്കുന്നതിനു പോലും കഴിയാത്ത കാലത്ത് സ്വാതന്ത്ര്യം പൂര്‍ണമാണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സോഷ്യോ വാസുവിനെ ആദരിച്ചു. പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷനായി. ഡോ. കെ.എസ്. മാധവന്‍, രാഹുല്‍ രമേഷ്, ചന്ദ്രശേഖരന്‍ തിക്കോടി, ഡോ. പി. ശിവദാസന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. യു.ജി.സി. നെറ്റ് വിജയികളായ തഷ്റീഫ സരിന്‍, കെ.ഇ. ഷംന എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗം സംഘടിപ്പിച്ച ‘ഫ്രീഡം ഫെസ്റ്റ്’ സെമിനാറില്‍ സ്വാതന്ത്ര്യ സമരസേനാനി സോഷ്യോ വാസു സംസാരിക്കുന്നു. പി.ആര്‍. 1006/2023
നിര്‍മിത ബുദ്ധിയെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം
ഡോ. എം.കെ. ജയരാജ്
നിര്‍മിത ബുദ്ധിയെ സാമൂഹിക നന്മക്ക് വേണ്ടി ഉപയോഗിക്കേണ്ടത് ഉത്തരവാദിത്വത്തോടെ വേണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠന വിഭാഗം ജേണലിസം, ഫിലോസഫി പഠനവിഭാഗങ്ങളുടെ സഹകരണത്തോടെ ‘സാമൂഹിക ഉന്നമനത്തില്‍ ഉത്തരവാദിത്ത നിര്‍മിത ബുദ്ധി’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ പ്രയത്നത്തെ എളുപ്പമാക്കാനാകണം അതിനെ സങ്കീര്‍ണമാക്കാനാകരുത് നിര്‍മിത ബുദ്ധിയുടെ ഉപയോഗമെന്നും വി.സി. പറഞ്ഞു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സജീഷ് അധ്യക്ഷനായി. ഡോ. ടി.വി. മധു, ക്വീന്‍സ് സര്‍വകലാശാല അസോ. പ്രൊഫസറായ ഡോ. പി. ദീപക്, മാതൃഭൂമി ഓണ്‍ലൈന്‍ ഡിജിറ്റല്‍ മീഡിയ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍, മൈഫിന്‍ ടെക്നോളജി എഡിറ്റര്‍ വരുണ്‍ രമേശ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. വി.എല്‍. ലജീഷ്, ഡോ. ലക്ഷ്മി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. ദീപക് രചിച്ച ‘നിര്‍മിത ബുദ്ധിക്കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ എന്ന പുസ്തകം വി.സി. പ്രകാശനം ചെയ്തു.
ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠന വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 1007/2023
ഭിന്നശേഷിക്കാര്‍ക്കായി പരിശീലന പരിപാടി
കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പി. ഭിന്നശേഷിക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ‘മൈ വോയ്‌സ് മൈ ചോയ്‌സ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി സൈക്കോളജി പഠനവിഭാഗം സെമിനാര്‍ ഹാളില്‍ 11-ന് രാവിലെ 9.30-ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ ഷീബ മുംതാസ് വിശിഷ്ടാതിഥിയാകും. സിണ്ടിക്കേറ്റ് അംഗം ഡോ. ടി. വസുമതി, സൈക്കോളജി പഠനവകുപ്പ് മേധാവി ഡോ. രജനി രാമചന്ദ്രന്‍, സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍, ജോ. ഡയറക്ടര്‍ മിഷാബ് എ.കെ. തുടങ്ങിയവര്‍ സംസാരിക്കും. നാല്‍പതോളം ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും പരിശീലനത്തില്‍ പങ്കെടുക്കും. പി.ആര്‍. 1008/2023
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന്
അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2023 വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ സപ്തംബര്‍ 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ ബയോഡാറ്റയും അനുബന്ധ രേഖകളും സര്‍വകലാശാലാ റിസര്‍ച്ച് ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1009/2023
സ്റ്റാറ്റിസ്റ്റിക്‌സ് അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 18-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9847533374, 9496127836. പി.ആര്‍. 1010/2023
എയ്ഡഡ് ബിരുദ കോഴ്‌സ് പ്രവേശനം
റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകാലശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ ഒഴിവുള്ള എയ്ഡഡ് കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി നിലവില്‍ അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ റാങ്ക്‌നിലയും കോളേജുകളിലെ ഒഴിവുകളും പരിശോധിച്ച് 19-നകം പ്രവേശനം നേടേണ്ടതാണ്. ബിരുദ പ്രവേശനത്തിന് 295 രൂപ ഫൈനോടു കൂടി ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം സപ്തംബര്‍ 28 വരെ വീണ്ടും ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1011/2023
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്‌നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 11, 14 തീയതികളില്‍ നടക്കും.
നാലാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 21-ന് നടക്കും. പി.ആര്‍. 1012/2023
പരീക്ഷാ ഫലം
എസ്.ഡി.ഇ., എം.എസ് സി. കൗണ്‍സിലിംഗ് സൈക്കോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പാര്‍ട്ട് – 2 ബി.എ. (അഡീഷണല്‍ ലാംഗ്വേജ്) സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 15 വരെ അപേക്ഷിക്കാം. പി.ആര്‍. 1013/2023
എം.എഡ്. പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം 15-ന് വൈകീട്ട് 5 മണി വരെ നീട്ടി. ഫോണ്‍ 0494 2407016, 2407017. പി.ആര്‍. 1014/2023