
ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ് ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല ; ഒരു മാസത്തിനകം ഫലം ലഭ്യമാകും
പി.ജി. പരീക്ഷകളില്‍ വിജയകരമായി നടപ്പാക്കിയ ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍, ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ബാര്‍കോഡ് അടിസ്ഥാനമാക്കിയുള്ള ഉത്തരക്കടലാസുകളാണ് ഉപയോഗിക്കുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ് അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന്‍ 2018-21 പ്രവേശനം അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) വിദ്യാര്‍ഥികളുടെ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുമാണ് നവംബര്‍ 13-ന് തുടങ്ങുന്നത്. ബാര്‍കോഡിങ് നടപ്പാക്കുന്നതോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷാഭവനിലേക്കെത്തിച്ച് ഫാള്‍സ് നമ്പറിട്ട് മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നത് ഒഴിവാക്കാനാകും. ബുക്ക് ലെറ്റ് രൂപത്തിലുള്ള പ്രത്യേക ഉത്തരക്കടലാസുകളാണ് പരീക്ഷക്ക് ഉപയോഗിക്കുക. ക്യാമ്പുകളില്‍ പരീക്ഷാഭവന്‍ ജീവനക്കാര്‍ ഉണ്ടാകും. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് നേരിട്ട് ആപ്പ് വഴി രേഖപ്പെടുത്തുന്ന മാര്‍ക്ക് സര്‍വകലാശാലാ സെര്‍വറിലേക്ക് എത്തുന്നതിനാല്‍ പരീക്ഷാ ജോലികള്‍ ഗണ്യമായി കുറയും. അവസാന പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനകം ഫലം പ്രഖ്യാപിക്കാനാകുമെന്നതാണ് നേട്ടമെന്ന് പരീക്ഷാഭവന്‍ അധികൃതര്‍ അറിയിച്ചു. പി.ആര്‍. 1384/2023
ചരിത്രവിഭാഗം സെമിനാര്‍ സമാപിച്ചു
കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്ര വിഭാഗം സംഘടിപ്പിച്ച ‘ലോകയുദ്ധങ്ങള്‍ക്കിടയിലെ കേരളം’ ത്രിദിന ദേശീയ സെമിനാര്‍ സമാപിച്ചു. സമാപന സമ്മേളനം പ്രമുഖ ഗോത്രപഠന വിദഗ്ധനും ഹൈദരബാദ് കേന്ദ്ര സര്‍വ്വകലാശാല ചരിത്രവിഭാഗം മുന്‍ മേധാവിയുമായ പ്രൊഫ. ഭാംഗ്യ ബുഖിയ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെയും വിഭവങ്ങളുടെയും കാവലാളുകളാണ് ആദിവാസികള്‍, വികസനത്തിന്റെ പേരില്‍ അവരില്‍ നിന്നും കാടും മലകളുമെല്ലാം പിടിച്ചെടുത്ത് നടത്തുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയുടെ താളം തെറ്റുന്നതിനിടയാക്കുന്നു. ആദിവാസികളെ അവരുടെ ആവാസ വ്യവസ്ഥകളില്‍ നിന്നും ആട്ടിയകറ്റിയതാണ് അടുത്ത കാലത്ത് സംഭവിച്ച പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമായത്, അദ്ദേഹം പറഞ്ഞു. ഗവേഷണ വിദ്യാര്‍ത്ഥികളായ മുനവിര്‍ അലി, സജ്‌ന, ജീവന്‍, രാഹുല്‍ രമേഷ്, അതുല്യ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. വകുപ്പു മേധാവി ഡോ. എം.പി. മുജീബു റഹ്‌മാന്‍, ഡോ. പി. ശിവദാസന്‍, ഡോ. വി. വി. ഹരിദാസ്, ഡോ. എം. അഷിത എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. വിനീത് നന്ദി പ്രകാശിപ്പിച്ചു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗം സംഘടിപ്പിച്ച ത്രിദിന ദേശീയസെമിനാറിന്റെ സമാപന സമ്മേളനം പ്രൊഫ. ഭാംഗ്യ ബുഖിയ ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 1385/2023
ഗണിതശാസ്ത്രത്തില്‍ അന്തര്‍ദേശീയ സമ്മേളനം
കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവിഭാഗവും ദക്ഷിണ കൊറിയയിലെ ഉല്‍സാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി ‘നിര്‍മിതബുദ്ധിയില്‍ പാര്‍ഷ്യല്‍ ഡിഫറന്‍ഷ്യല്‍ സമവാക്യങ്ങളുടെ വിപുലസാധ്യതകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തിന് തുടക്കമായി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബോംഗ്‌സൂജാംഗ്, ഡോ. പ്രീതി കുറ്റിപ്പുലാക്കല്‍, ഡോ. ജിഷ, ഡോ. പ്രസാദ്, ഡോ. ആര്‍. രാജ, സായൂജ് അബി ജോസ്, ഡോ. ബിപിന്‍ കുമാര്‍, ഡോ. ചിനോടു നൈഗ്വേ തുടങ്ങി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സമ്മേളനം 22-ന് സമാപിക്കും. പി.ആര്‍. 1386/2023
അറബി മലയാള സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ പത്താം വാര്‍ഷികപരിപാടികളുമായും മറ്റ് ഭാഷാ പഠനവിഭാഗങ്ങളുമായും സഹകരിച്ച് അറബിമലയാള സെമിനാര്‍ സംഘടിപ്പിക്കുന്നു. 31-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ഗവേഷകര്‍ പ്രബന്ധത്തിന്റെ പൂര്‍ണരൂപം 27-ന് വൈകീട്ട് 5 മണിക്ക് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കുക. വിശദവിവരങ്ങള്‍ക്ക് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടിയുമായി ബന്ധപ്പെടുക. ഫോണ്‍ 9447530013. പി.ആര്‍. 1387/2023
സിണ്ടിക്കേറ്റ് മീറ്റിംഗ്
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 30-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പി.ആര്‍. 1388/2023
പരീക്ഷാ ഫലം
എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1389/2023
പരീക്ഷ
ബി.ആര്‍ക്ക്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 27-നും അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 22-നും ഏഴാം സെമസ്റ്റര്‍ നവംബര്‍ 9-നും ഒമ്പതാം സെമസ്റ്റര്‍ നവംബര്‍ 8-നും തുടങ്ങും. പി.ആര്‍. 1390/2023
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1391/2023