കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫര്‍ഹാന തസ്നിക്ക് മേരി ക്യൂറി ഫെലോഷിപ്പ്

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പില്‍ നിന്ന് പി.ജി. നേടിയ വിദ്യാര്‍ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്. സര്‍വകലാശാലയില്‍ റേഡിയേഷന്‍ ഫിസിക്സില്‍ എം.എസ് സി. പൂര്‍ത്തീകരിച്ച് പ്രോജക്ട് ചെയ്ത് കൊണ്ടിരിക്കുന്ന എം.പി. ഫര്‍ഹാന തസ്നിക്കാണ് നേട്ടം. യു.കെയിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി ഒന്നരക്കോടിയോളം രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. ‘ലേസര്‍ ഡ്രിവണ്‍ പ്രോട്ടോണ്‍ തെറാപ്പി’ യിലാണ് ഫര്‍ഹാനയുടെ പഠനം. സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പിലെ പ്രൊഫസറായ ഡോ. എം.എം. മുസ്തഫക്ക് കീഴിലാണ് നിലവില്‍ പ്രോജക്ട് ചെയ്യുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫര്‍ഹാനയെ അഭിനന്ദിച്ചു. താനൂരിലെ എം.പി. മുഹമ്മദലി-കെ. സുഹറാബി ദമ്പതികളുടെ മകളാണ് ഫര്‍ഹാന തെസ്നി. എസ്.എം. അഫീദാണ് ഭര്‍ത്താവ്. ഇവ ഐറിന്‍ മകളാണ്.

കേരളീയം കേട്ടറിയാം റേഡിയോ സിയുവിലൂടെ

കേരളത്തിന്റെ വികസനക്കുതിപ്പുകളും ഭാവി സങ്കല്പങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയില്‍ ഔദ്യോഗിക പ്രക്ഷേപണത്തിന് റേഡിയോ സി.യു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക മാധ്യമമായ റേഡിയോ സിയു കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ള ഇന്റര്‍നെറ്റ് റേഡിയോ ആണ്. കേരളീയം വേദികളില്‍ അവതരിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടികളും സെമിനാറുകളും ഓപ്പണ്‍ ഫോറങ്ങളും ശില്പശാലകളും റേഡിയോ സിയു വഴി കേള്‍ക്കാനാകും. പങ്കെടുക്കുന്ന പ്രമുഖരുമായുള്ള അഭിമുഖങ്ങളും ശ്രോതാക്കളിലേക്കെത്തിക്കുന്നുണ്ട്. റേഡിയോ സി.യു. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, പ്രോഗ്രാം എക്സിക്യുട്ടീവ് പി. സുജ, സൗണ്ട് റെക്കോര്‍ഡിസ്റ്റ് യു. അനൂപ്, ആര്‍.ജെമാരായ നുസൈബ ബായ്, ദിയ പൗളി, അരുണ്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് റേഡിയോക്ക് വേണ്ടി കേരളീയത്തിലുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് റേഡിയോ സിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. റേഡിയോ സിയുവിന്റെ സാമൂഹിക മാധ്യമ പേജുകളില്‍ കേരളീയം വീഡിയോകളും ലഭ്യമാണ്.  

ഗണിത പഠനവകുപ്പില്‍ ബ്രിഡ്ജ് കോഴ്സ്

കാലിക്കറ്റ് സര്‍വകലാശാലാ ഗണിത ശാസ്ത്ര പഠന വിഭാഗത്തില്‍ ഒരു മാസമായി നടന്ന ബ്രിഡ്ജ് കോഴ്സ് സമാപിച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രമുഖരായ ഗണിത ശാസ്ത്രഞ്ജരാണ് ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി ക്ലാസുകള്‍ നയിച്ചത്. സമാപനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. കോഴ്സിന്റെ ഭാഗമായി നടത്തിയ പരീക്ഷയിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി. ദീര്‍ഘകാലം ഗണിത ശാസ്ത്ര പഠന വിഭാഗത്തില്‍ അധ്യാപകനായിരുന്ന പ്രൊഫ. പി.ടി. രാമചന്ദ്രന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് അവാര്‍ഡ് എം. ഗാഥക്ക് സമ്മാനിച്ചു. പ്രൊഫ. വി. കൃഷ്ണ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. പ്രീതി കുറ്റിപ്പിലാക്കല്‍, ഡോ. പി. സിനി, യു.പി. റനിയ തുടങ്ങിയവര്‍ സംസാരിച്ചു.  

പലസ്തീന്‍ ഐക്യദാര്‍ഡ്യ സെമിനാര്‍

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയറും യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനും ചേര്‍ന്ന് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ‘പലസ്തീനിലെ സയണിസ്റ്റ് അതിക്രമം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നതും നിരായുധരായ സാധുക്കള്‍ കൊല്ലപ്പെടുന്നതും യുദ്ധമല്ല, ഭീകരാക്രമണമാണെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. ഡോ. പി.ജെ. വിന്‍സെന്റ് വിഷയം അവതരിപ്പിച്ചു. ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ പി. അശോകന്‍ അധ്യക്ഷനായി. വിനോദ് എന്‍. നീക്കാംപുറത്ത്, വേണു അമ്പലപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഡിസംബര്‍ 4-ന് തുടങ്ങും.      പി.ആര്‍. 1443/2023

പരീക്ഷാ ഫലം

ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.      പി.ആര്‍. 1444/2023

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2022, എം.എ. ഇംഗ്ലീഷ് നവംബര്‍ 2021, 2022, നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.      പി.ആര്‍. 1445/2023

error: Content is protected !!