
കാലിക്കറ്റ് സര്‍വകലാശാല പരിസ്ഥിതിശാസ്ത്ര പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ദുരന്തനിവാരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, പാരിസ്ഥിതിക ആഘാതങ്ങള്‍, തീരദേശം നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചെല്ലാം ഗവേഷണം നടത്തുന്നവരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാമാണ് പരിപാടിയില്‍ പങ്കെടുത്തത്.
പാരിസ്ഥിതികാഘാതം വിലയിരുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ സമിതിയിലെ വിദഗ്ധന്‍ ഡോ. ആര്‍. അജയകുമാര്‍ വര്‍മ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ദുര്‍ബലമായ കേരളത്തെ സംരക്ഷിക്കേണ്ട ബാധ്യത പരിസ്ഥിതിപഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഡോ. എ. യൂസഫ്, ഡോ. കെ.എം. ഷീജ എന്നിവര്‍ സംസാരിച്ചു. കുസാറ്റിലെ സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഹതാ അബ്ദുള്ള, ഫിഷറീസ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ഗിരീഷ് ഗോപിനാഥ്, ദേശീയ ഭൗമ പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. സി.കെ. ഉണ്ണി കൃഷ്ണൻ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിച്ചു.