
സ്‌നേഹത്തോടെയും സഹകരണത്തോടെയും സമൂഹത്തില്‍ ഇടപെടാനും അതുവഴി ജീവിതവിജയം നേടാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിര്‍മിതബുദ്ധിയുടെയും സമൂഹമാധ്യമങ്ങളുടെയും കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സഹകരിക്കാന്‍ കഴിയും. എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന വികസിത മനോഭാവമുള്ള വ്യക്തികളായിരുന്നാല്‍ മാത്രമേ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ബിരുദഫലം പ്രഖ്യാപിച്ച് രണ്ടരമാസത്തിനകം ഒറിജനല്‍ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലറില്‍ നിന്ന് നേരിട്ട് കൈപ്പറ്റാനായതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ഥികള്‍. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിച്ച ഗ്രാജ്വേഷന്‍ സെറിമണിയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് പങ്കെടുത്തത് 591 പേരാണ്. ഗൗണും ക്യാപ്പുമണിഞ്ഞ് മനോഹരമായ ഫോള്‍ഡറില്‍ ബിരുദസര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയവര്‍ക്കെല്ലാം പേരെഴുതിയ പുരസ്‌കാരവും നല്‍കിയിരുന്നു. ഈ മനോഹരമുഹൂര്‍ത്തത്തിന്റെ ഫോട്ടോകളും സൗജന്യമായി ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി. വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ രക്ഷിതാക്കള്‍ക്ക് ചടങ്ങ് കാണാന്‍ വീഡിയോവാളും സജ്ജമാക്കിയിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എം.ബി. ഫൈസല്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ ടി. ബിജു, ജി. നിഷ തുടങ്ങിയവര്‍ സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍, പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം 30-ന് രാവിലെ സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും.