മുഖക്കുരുവിനെതിരെ ക്രീം ഉപയോഗിക്കുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കുക, ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സറുണ്ടാക്കിയേക്കാവുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠനം. അമേരിക്കയിലെ ഒരു സ്വതന്ത്ര ലാബോറട്ടറി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഇത്തരം ക്രീമുകളില്‍ ഉപയോഗിച്ച് വരുന്നുണ്ടെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. ബെന്‍സോയില്‍ പെറോക്സൈഡ് എന്ന രാസവസ്തു അടങ്ങിയ ഇത്തരം ക്രീമുകള്‍ വിപണിയില്‍ നിന്ന് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാലിഷോര്‍ ലബോറട്ടറിയിലെ ഗവേഷകര്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്താണ് ബെന്‍സീന്‍?

നിറമില്ലാത്ത ഒരു ദ്രാവകമാണ് ബെന്‍സീന്‍. നല്ല മണമുള്ള ഒരു രാസവസ്തു കൂടിയാണിത്. അഗ്‌നിപര്‍വ്വതം, ക്രൂഡ് ഓയില്‍, ഗ്യാസോലിന്‍,സിഗരറ്റ് പുക എന്നിവയിലെല്ലാം ബെന്‍സീന്‍ അടങ്ങിയിരിക്കുന്നുവെന്നാണ് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിറ്റര്‍ജന്റുകള്‍, ചിലയിനം പ്ലാസ്റ്റിക്കുകള്‍, ഡൈ എന്നിവയുടെ നിര്‍മ്മാണത്തിന് ബെന്‍സീന്‍ ഉപയോഗിച്ച് വരുന്നുണ്ട്.

എന്നാല്‍ ഇവയുടെ അമിത ഉപയോഗം ലൂക്കീമിയയ്ക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2022ല്‍ നിരവധി ഉപഭോക്തൃ ഉല്‍പ്പന്നങ്ങളില്‍ ബെന്‍സീന്‍ കണ്ടെത്തിയതായി വാലിഷോര്‍ ലബോറട്ടറി വെളിപ്പെടുത്തിയിരുന്നു. സണ്‍സ്‌ക്രീന്‍, സാനിട്ടൈസറുകള്‍, എന്നിവയില്‍ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതോടെ നിരവധി കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.

ബെന്‍സോയില്‍ പെറോക്സൈഡ് അടങ്ങിയ 66 ലധികം ഉല്‍പ്പന്നങ്ങളാണ് ലബോറട്ടറിയിലെ വിദഗ്ധര്‍ പരിശോധിച്ചത്. ക്രീമുകള്‍, ലോഷനുകള്‍, ജെല്‍, എന്നീ വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങളാണ് പരിശോധിച്ചത്. എന്നാല്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ബെന്‍സീന്‍ ആണ് ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പനോക്സില്‍, വാള്‍ഗ്രീന്‍സിന്റെ ആക്നേ സോപ്പ് ബാര്‍, വാള്‍മാര്‍ട്ടിന്റെ ഇക്വേറ്റ് ബ്യൂട്ടീ ആക്നേ ക്രീം എന്നിവയിലും ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം ഉല്‍പ്പന്നങ്ങളിലെ ബെന്‍സോയില്‍ പെറോക്സൈഡ് കാലക്രമേണ ബെന്‍സീനായി വിഘടിക്കുന്നു. അതാണ് അപകടമുണ്ടാക്കുന്നതെന്ന് വാഷിഷോര്‍ ലബോറട്ടറി പ്രസിഡന്റ് ഡേവിഡ് ലൈറ്റ് പറഞ്ഞു. ഉയര്‍ന്ന താപനിലയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

”സണ്‍സ്‌ക്രീനിലും മറ്റ് ഉല്‍പ്പന്നങ്ങളിലും കണ്ടെത്തിയ ബെന്‍സീന്‍ മലിനമായ വസ്തുക്കളില്‍ നിന്ന് ഉരുത്തിരിഞ്ഞവയായിരുന്നു. ബെന്‍സോയില്‍ പെറോക്സൈഡ് ഉല്‍പ്പന്നങ്ങളിലെ ബെന്‍സീന്‍ ബെന്‍സോയില്‍ പെറോക്സൈഡില്‍ നിന്നുള്ളവയാണ്,” എന്ന് ഡേവിഡ് ലൈറ്റ് പറഞ്ഞു.

അതിനാല്‍ ബെന്‍സീന്‍ വലിയ അളവില്‍ ഉപയോഗിച്ചിരിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തണമെന്നും ലബോറട്ടറി ഗവേഷകര്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിഷയത്തില്‍ പ്രതികരിച്ച് നിരവധി കമ്പനികളും രാഷ്ട്രീയ പ്രതിനിധികളും രംഗത്തെത്തിയിരുന്നു.

വാലിഷോര്‍ ലബോറട്ടറിയുടെ പഠനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎസ് ജനപ്രതിനിധി റോസ ഡിലാറോ പറഞ്ഞു. വിഷയത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

”ബെന്‍സോയില്‍ പെറോക്സൈഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ധാരാളമെത്തുന്നുണ്ട്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ഒന്നും അറിയാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. ഇതെല്ലാം അര്‍ബുദ രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കും,” എന്നും റോസ ഡിലാറോ പറഞ്ഞു.

വാലിഷോര്‍ ലബോറട്ടറിയുടെയും മറ്റ് വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വിഷയം ഗൗരവതരമായി പരിഗണിക്കുമെന്നും എഫ്ഡിഎ അധികൃതര്‍ പറഞ്ഞു.

error: Content is protected !!