
മലപ്പുറം ; സ്വകാര്യ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസ്. സംഭവത്തില്‍ ബസ് വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് വളാഞ്ചേരി തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കി. പീഡന വിവരം അറിയിച്ചിട്ടും നടപടി എടുത്തില്ലെന്നും, പ്രതിയെ പൊലീസിന് കൈമാറിയില്ലെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. എന്നാല്‍, വിദ്യാര്‍ത്ഥിനി പരാതിപ്പെടാതിരുന്നതിനാലാണ് മുന്നോട്ട് പോകാതിരുന്നതെന്ന് ബസ് ജീവനക്കാരും പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ തിരൂരില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന മലാല ബസ്സിലാണ് സംഭവം. വളാഞ്ചേരി കാവുംപുറത്തെ കോളേജില്‍ പഠിക്കുന്ന കുറുകത്താണീ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പുത്തനത്താണിയില്‍ നിന്ന് ബസില്‍ കയറിയ ആള്‍ കയറി പിടിച്ചെന്നാണ് പരാതി. സംഭവത്തില്‍ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത ബസ് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു വളാഞ്ചേരി തിരൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ച് സമരം ചെയ്തു. ബുധനാഴ്ച രാവിലെ മുതല്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു