
മലപ്പുറം: താനൂര്‍ പൊലീസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം താനൂരിലെത്തി. കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുക്കും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂര്‍ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക.
ഓഗസ്റ്റ് ഒന്നിനാണ് താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുന്നത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷിക്കുന്നത്. ഇന്ന് മലപ്പുറത്ത് എത്തുന്ന സംഘം നേരത്തെ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കേസില്‍ കൊലപാതക കുറ്റം ചുമത്തി നാല് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് സംഘം പ്രതി ചേര്‍ത്തിരുന്നു. വൈകാതെ ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ കടക്കുമെന്നാണ് സൂചന. പ്രതികളില്‍ രണ്ട് പേര്‍ വിദേശത്തേക്ക് കടന്നുവെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു.