തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡിക്കൊലപാതകത്തില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ചേളാരി ആലുങ്ങലിലെ വാടകമുറിയിലെ പരിശോധന പൂര്‍ത്തിയാക്കി സി ബി ഐ സംഘം. മരിച്ച കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാര്‍ റോണക്, ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എ എസ് ഐ ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും ഹാരിസ് ജിഫ്രി പറഞ്ഞു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സി ബി ഐ അപേക്ഷ നല്‍കി. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.