
കരിപ്പൂർ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റിലേക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ ഹജ്ജ് ഹൗസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഹഷം അഹ്മദ് പർക്കാർ, അഹ്മദ് ഷൈഖ്, അബ്ദുൽ വാഹിദ് മുഖദ്ദം എന്നിവരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളായി ഹജ്ജ് ഹൗസിലെത്തിയത്. ഹജ്ജ് ഹൗസിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കായി പ്രത്യേകം ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്. ഇന്നലെ (ചൊവ്വ) ഫ്ളൈറ്റ് ബുക്കിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ ബുക്കിംഗ് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നിർവ്വഹിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഇൻചാർജ് ഹഷം അഹ്മദ് പർക്കാർ, പി.കെ. അസ്സയിൻ, പി.കെ.മുഹമ്മദ് ഷഫീക്ക്, കെ.പി നജീബ്, എൻ.പി. സൈതലവി, സിറാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.