മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറിക്ക് അധിക ബാച്ചുകൾ അനുവദിച്ചതിലൂടെ പത്താം ക്ലാസ് പൂർത്തിയാക്കിയ എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2018 നു ശേഷം തെക്കൻ ജില്ലകളിൽ നിന്ന് 32 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി. ഇപ്പോൾ രണ്ട് വർഷങ്ങളിലായി ആകെ 169 താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിൽ 84 എണ്ണം ജില്ലയ്ക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ പത്താം ക്ലാസ് പൂർത്തിയാക്കിയവരുടെ തുടർ പഠനം സംബന്ധിച്ച വിഷയത്തിൽ ജില്ലയിൽ നിന്നും പട്ടിക ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ വികസനപദ്ധതികളും പ്രശ്നങ്ങളും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുന്നതിനായി തൃശൂരിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിലാണ് മുഖ്യമന്തിയുടെ പരാമർശം.
പൊതു വിദ്യാഭ്യാസമേഖലയിൽ 7,76,683 കുട്ടികൾ പഠിക്കുന്ന ജില്ലയിൽ വിദ്യാകിരണം പദ്ധതി പ്രകാരം അഞ്ച് കോടിയുടെ കിഫ്ബി ഫണ്ടനുവദിച്ച 18 സ്കൂളുകളിലേയും നിർമാണം പൂർത്തിയായി. മൂന്ന് കോടി കിഫ്ബി ഫണ്ടുപയോഗിച്ച് 31 സ്കൂളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. മൂന്ന് സ്കൂളുകളുടെ നിർമാണം പുരോഗിമിക്കുകയാണ്. ഒരു കോടി കിഫ്ബി ഫണ്ടിൽ 33 സ്കൂളുകളുടെ നിർമാണവും പൂർത്തിയായി. കെ ഡിസ്കുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന മഞ്ചാടി ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠന പദ്ധതി ജില്ലയിൽ ഒരു ഒരു സ്കൂളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലയിലെ 212 സ്കൂളുകളിൽ ഒക്ടോബർ മുതൽ ആരംഭിക്കും. പഠനം രസകരമായ അനുഭവമാക്കി മാറ്റുന്ന വർണ്ണക്കൂടാരം പദ്ധതി 55 സ്കൂളുകളിൽ പ്രവർത്തനമാരംഭിച്ചതായും യോഗം വിലയിരുത്തി.
അലിഗഡ് യൂണിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രത്തിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ നടപ്പിലാക്കേണ്ടത് യൂണിവേഴ്സിറ്റി ആണെന്നും അതിന് സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും ആവശ്യമായ സഹായവും പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാലമായ ക്യാമ്പസ് സ്ഥാപിക്കുന്നതിന് മുന്നൂറിൽ അധികം ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. 2010 ൽ യൂണിവേഴ്സിറ്റി സെൻറർ ആരംഭിച്ചതിനുശേഷം മൂന്ന് കോഴ്സുകളാണ് ഇവിടെ തുടങ്ങിയത്. ബി. വോക്, എൽ.എൽ.എം, ബി ഫാം, എം. എഡ്, ഇന്റഗ്രേറ്റഡ് ബി.എഡ് ഉൾപ്പെടെ 5 കോഴ്സുകൾക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ടെങ്കിലും കേന്ദ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും നിരന്തരസമ്മർദ്ദം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയ 8553 കുടംബങ്ങളിൽ 7687 കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ ഇതിനകം തയ്യാറാക്കിയതായി യോഗം വിലയിരുത്തി. അംഗത്തിന്റെ മരണം മൂലം മാറ്റിവെച്ചതൊഴിച്ച് അവശേഷിക്കുന്ന 204 കൂട്ടംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ സമയ ബന്ധിതമായി തീർക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. അവകാശം അതിവേഗം പദ്ധതി പ്രകാരം ഇവർക്കുള്ള സർക്കാർ രേഖകളും സമയബന്ധിതമായി ലഭ്യമാക്കണം. നേരത്തെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുകയും പിന്നീട് യോഗ്യത സംബന്ധിച്ച് സംശയം ഉയരുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യമുക്ത നവകേരള പദ്ധതി ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 225 കേസുകൾ രജിസ്റ്റർ ചെയ്യുകയും 17,23,750 രൂപ പിഴ ചുമത്തുകയും ചെയ്തു. ജില്ലയിൽ ആകെ 567 മിനി എം.സി.എഫുകളും 145 എം.സി.എഫുകളും 9 ആർ.ആർ.എഫുകളും പ്രവർത്തനം തുടങ്ങി. 224 മിനി എം.സി.എഫുകളും 14 എം.സി.എഫുകളും ക്യാമ്പയിൻ ഒന്നാം ഘട്ടത്തിന്റെ പ്രവർത്തന നേട്ടമാണ്. മാലിന്യങ്ങളില്‍ നിന്നും ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജില്‍ എട്ട് ഏക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് കെ.എസ്.ഐ.ഡി.സിക്ക് ലീസിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ദ്രവമാലിന്യ സംസ്‌കരണത്തിനായി പെരിന്തല്‍മണ്ണ, തിരൂര്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ എഫ്.എസ്.ടി.പിയും മഞ്ചേരിയില്‍ മൊബൈല്‍ എഫ്.എസ്.ടി.പിയും സ്ഥാപിക്കുന്നതിന്നതിന് നടപടി ആരംഭിച്ചു. സ്ഥലമെടുപ്പാണ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പ്രധാന പ്രശ്നമെന്നതിനാൽ ഇക്കാര്യത്തിൽ നടപടികൾ താരിതപ്പെടുത്താൻ ജില്ലാ കളക്ടർമാർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ വികസനപദ്ധതികളും പ്രശ്നങ്ങളും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുന്നതിനുള്ള രണ്ടാമത് മേഖലാതല അവലോകന യോഗത്തിന് തൃശൂരാണ് വേദിയായത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ അവലോകന യോഗമാണ് തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ നടന്നത്. ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവേദ്യമാകാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗം ചൊവ്വാഴ്ച ചേര്‍ന്നിരുന്നു.
അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ മുക്ത നവ കേരളം, വിദ്യാകിരണം, ആര്‍ദ്രം മിഷന്‍, ഹരിതകേരളം മിഷന്‍, ലൈഫ് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, ദേശീയ പാത, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി മുന്‍ഗണാ പദ്ധതികളുടെ അവലോകനത്തിന് പുറമെ ക്രമസമാധാന അവലോകനവും ജില്ലയുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
സര്‍ക്കാരിന്റെ പ്രധാന മിഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലകളിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ തീരുമാനങ്ങളും അവലോകന യോഗം കൈക്കൊണ്ടു. രാവിലെ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പും ഉച്ചകഴിഞ്ഞ് ക്രമസമാധാന വിഷയങ്ങളുമാണ് അവലോകനം ചെയ്തത്.
മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ചീഫ് സെക്രട്ടിയും ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.