Monday, August 18

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മിഷന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മലപ്പുറം : സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായി ബാലാവകാശ കമ്മിഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല ഏകദിന പരിശീലന പരിപാടി ആസൂത്രണ സമിതി ഓഫിസ് ഹാളില്‍ നടന്നു. ബാലാവകാശ കമ്മീഷന്‍ അംഗം സിസിലി ജോസഫ് പരിശിലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുത്തു.

കൗമാരക്കാരായ കുട്ടികളുടെ ശാരീരിക- മാനസിക പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹാരം നിര്‍ദ്ദേശിക്കാനും അധ്യാപകരെ പ്രാപ്തരാക്കുക, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക, വിദ്യാഭ്യാസ- മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തില്‍ നടപ്പിലാക്കുക, ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുക, സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിവയാണ് പരിശീലനം ലക്ഷ്യമിടുന്നത്.

പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 11 ന് കോഴിക്കോട് ആരംഭിച്ച പരിശീലനം 20 ന് തൃശൂരില്‍ സമാപിക്കും. പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ അവരുടെ സ്‌കൂളിലെ അധ്യാപകരിലേക്കും എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ കുട്ടികളിലേക്കും ബോധവല്‍ക്കരണം എത്തിക്കും.

ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ പി.വി റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഗോപകുമാര്‍, ബാലവകാശ കമ്മീഷന്‍ അംഗം ബി.മോഹന്‍കുമാര്‍, വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷാജിദ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!