കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ; നടപടി മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ പരാതിയില്‍

തിരൂരങ്ങാടി: കാളംതിരുത്തി ബദല്‍ വിദ്യാലയം എല്‍.പി സ്‌കൂളാക്കി നിലനിര്‍ത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മുസ്‌ലിം യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ ഉത്തരവിട്ടത്. പരാതിക്കാരന്റെയും വിദ്യഭ്യാസ വകുപ്പിന്റെയും നന്നമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത്ലീഗ് കമ്മീഷന് മുന്നില്‍ അവതരിപ്പിച്ച മുഴുവന്‍ വാദങ്ങളും അംഗീകരിച്ചു. വളരെ പ്രധാന്യമുള്ള പരാതിയായി കണക്കാക്കി സര്‍ക്കാറിന് ഉടനെ നോട്ടീസ് കൈമാറുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു.

ബദല്‍ വിദ്യാലയം അടച്ചു പൂട്ടിയ സര്‍ക്കാര്‍ നിലപാടിനെതിരെ 2022 ജൂണ്‍ 6-നാണ് റസാഖ് കമ്മീഷന് പരാതി നല്‍കിയത്. ഇന്നലെ രാവിലെ മലപ്പുറം ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരും പരാതിക്കാരനും കമ്മീഷനുമായി നടത്തിയ സിറ്റിംഗിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. പ്രദേശത്തെ 117 വിദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യഭ്യാസം അവതാളത്തിലാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് യൂത്ത്ലീഗ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നത്.

നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ കാളംതിരുത്തി പ്രദേശത്ത് ഇരുനൂറോളം കുടുംബങ്ങളുണ്ട്. ഇവിടങ്ങളിലെ അഞ്ച് വയസ്സ് മുതല്‍ പത്ത് വയസ്സ് വരെയുള്ള നൂറിലേറെ കുട്ടികളുണ്ട്. ഈ കുട്ടികള്‍ക്ക് പഠിക്കുന്നതിന് ഏക ആശ്രയമായ ബദല്‍ വിദ്യാലയം അടച്ചു പൂട്ടിയിരിക്കയാണ്. ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു വിദ്യഭ്യാസ സ്ഥാപനങ്ങളില്ല. കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുറത്ത് പോയി പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കളുള്ള പ്രദേശമല്ല കാളംതിരുത്തി. അതിനാല്‍ പ്രദേശത്ത് എല്‍.പി സ്‌കൂള്‍ അനിവാര്യമാണ്. നിലവിലുള്ള ബദല്‍ വിദ്യാലയത്തിന് ഒരു ഏക്കറയിലതികം ഭൂമിയും കെട്ടിടവുമുണ്ട്. എല്ലാ സൗകര്യങ്ങളുമണ്ടായിട്ടും പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത വിദ്യഭ്യാസം മുടക്കുന്നത് പ്രതിഷേധാര്‍ഹവും കുറ്റവുമാണ്. പ്രദേശത്തെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിന് വിഷയത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് യു.എ റസാഖ് അന്ന് പരാതി നല്‍കിയിരുന്നത്.

കാര്യങ്ങളെ കുറിച്ച് വിശദമായി പരിശോധന നടത്തിയ കമ്മീഷന്‍ അംഗങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെയും നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെയും വാദം കേട്ടു. പഞ്ചായത്ത് നിരവധി തവണ പ്രമേയം പാസ്സാക്കിയതാണെന്നും പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജൂണ്‍ മൂന്നിന് തുടങ്ങുന്ന ഈ അധ്യായന വര്‍ഷത്തിലും 58 കുട്ടികള്‍ ഈ പ്രതിസന്ധി ഘട്ടത്തിലും പഠിക്കാനുണ്ടെന്നും ഇവര്‍ക്ക് പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പോലും വിദ്യഭ്യാസ വകുപ്പും മറ്റും തെയ്യാറാകുന്നില്ലെന്നും യൂത്ത്ലീഗ് കമ്മിഷന് മുമ്പാകെ അവതരിപ്പിച്ചു. സ്‌കൂളിന്റെ മുന്നോട്ടുള്ള പോക്കിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടരിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ബാല അവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാറിന് പുറമെ കമ്മീഷന്‍ അംഗങ്ങളായ സിസിലി ജോസഫ്, ബി മോഹന്‍ കുമാര്‍, മുസ്്ലിം യൂത്ത്ലീഗ് ഭാരവാഹികളായ യു.എ റസാഖ്, ഉസ്മാന്‍ കാച്ചടി, അയ്യൂബ് തലാപ്പില്‍, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ദേവേഷ്, വിദ്യഭ്യാസ വകുപ്പ് ഓഫീസര്‍മാരും സിറ്റിംഗില്‍ പങ്കെടുത്തു.

error: Content is protected !!