പരപ്പനങ്ങാടി : സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തി നിര്‍ത്തിവെച്ച പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍ റീജണല്‍ സയന്‍സ് പാര്‍ക്ക് ആന്‍ഡ് പ്ലാനറ്റോറിയം പദ്ധതിയുടെ തുടര്‍ പ്രര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉറപ്പ് നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസ് ചേമ്പറില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെയും കെപിഎ മജീദ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടേയും യോഗത്തില്‍ ഇത് സംബന്ധിച്ച വിശദമായി ചര്‍ച്ച ചെയ്യുകയും, തുടര്‍ നടപടികള്‍ വേഗത്തിലാക്കി സയന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം തന്നെ തുടങ്ങാന്‍ കെഎസ്എസ്ടിഎം ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സയന്‍സ് പാര്‍ക്ക് പദ്ധതി ഇനിയും നീട്ടിക്കൊണ്ട് പോകാനാവില്ല എന്നും, ആവശ്യമായ തുക വകയിരുത്തി റീജണല്‍ സയന്‍സ് പാര്‍ക്ക് ആന്‍ഡ് പ്ലാനറ്റോറിയം ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും എംഎല്‍എ യോഗത്തില്‍ ആവശ്യപെട്ടു.
പരപ്പനങ്ങാടി നഗരസഭയിലെ ഒരു സ്വപ്ന പദ്ധതിയാണ് പ്രസ്തുത സയന്‍സ് പാര്‍ക്ക് എന്നും, കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മനോഹരമായ കെട്ടിടം നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും, വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന സയന്‍സ് പാര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കണമെന്നും യോഗത്തില്‍ സംബന്ധിച്ച നഗരസഭാ ചെയര്‍മാന്‍ എ ഉസ്മാന്‍ ആവശ്യപെട്ടു.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ അസീസ് കൂളത്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സിന്ധു പി കെ, കെഎസ്എസ്ടിഎം ഡയറക്ടര്‍ കെ സോജു, മറ്റ് ഉദ്യോഗസ്ഥര്‍, സയന്‍സ് പാര്‍ക്ക് നിര്‍മ്മാണ ചുമതലകള്‍ ഉള്ള ഹാബിറ്റാറ്റ്, കെല്‍ പ്രതിനിധികള്‍, പരപ്പനങ്ങാടി നഗരസഭ സൂപ്രണ്ട് വേണു, പി വി ഹാഫിസ് മുഹമ്മദ്, ടി കെ നാസര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.