ധ്രുവ പ്രദേശങ്ങളിലെ കാലവസ്ഥാ മാറ്റങ്ങള്‍ അതിവിദൂരമായ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ പോലും ബാധിക്കുമെന്ന് ഗോവയിലെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്റ് ഓഷ്യന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലോത്ത് പറഞ്ഞു. കേരള ശാസ്ത്ര കോണ്‍ഗ്രസിന് മുന്നോടിയായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പി.ആര്‍. പിഷാരടി സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലുണ്ടാകുന്ന കനത്ത കാലവര്‍ഷം കൂടുതല്‍ താപത്തെ അന്തരീക്ഷത്തിലേക്കെത്തിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ ഐസ് ഉരുകുന്നതിന് ഇതും കാരണമാകുന്നു. ധ്രുവപ്രദേശങ്ങളിലെ ചൂട് കൂടുന്നത് കടുത്ത താപതരംഗം, അതിശൈത്യം, സമുദ്രനിരപ്പ് ഉയരല്‍, വന്യജീവി ശോഷണം, ഭക്ഷ്യക്ഷാമം തുടങ്ങിയവയ്‌ക്കെല്ലാം കാരണമാകുന്നുണ്ട്. ധ്രുവ പ്രദേശങ്ങളിലെ ഇന്ത്യയുടെ പര്യവേക്ഷണങ്ങള്‍ കാലാവസ്ഥാപഠനത്തിന് നിര്‍ണായക സഹായമാണെന്നും ഡോ. തമ്പാന്‍ പറഞ്ഞു.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. എ. സാബു, സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോന്‍ എന്നിവര്‍ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. ഹരിനാരായണന്‍ നന്ദി പറഞ്ഞു.