നന്നമ്പ്ര : അനധികൃതമായി വയൽ നികത്താൻ ശ്രമം തടഞ്ഞ സിപിഐ എം പ്രവർത്തകരെ മർദിച്ചു. സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയംഗം പാട്ടേരി കുന്നത്ത് സുബെർ (39) പള്ളിയാളി സൽമാൻ (39) എന്നിവരെയാണ് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലുളള ഭൂമാഫിയ സംഘം ആക്രമിച്ചത്.
ബുധനാഴ്ച രാവിലെ കൊടിഞ്ഞി ചെറുപാറയിലാണ് സംഭവം റിയാസ് പൂവാട്ടിൽ ഉടമസ്ഥതയിലുള്ള ഭൂമി തരം മാറ്റാനുള്ള ശ്രമം തടഞ്ഞതാണ് ആക്രമണത്തിന് പിന്നിൽ. അനധികൃതമായി വയൽ നികത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ രാവിലെ കൃഷി ഓഫീസർ, വില്ലേജ് അധികൃതർ, പൊലീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു.
ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള നടപടികൾ കഴിഞ്ഞാൽ മാത്രമേ നികത്തുന്നതടക്കമുള്ള പ്രവൃത്തി നടത്താൻ പാടൊള്ളൂ എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥർ പോയതിനെ തുടർന്ന് കല്ലും മണ്ണും ഇറക്കാനുള്ള ശ്രമം നടന്നു. ഇത് തടഞ്ഞതിനെ തുടർന്നാണ് സിപിഐ എം പ്രവർത്തകരെ സംഘം ചേർന്ന് മർദ്ദിച്ചത്.
പൂവാട്ടിൽ റിയാസ്, യാസിർ, നിസാർ എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിനെയും, സൽമാനെയും തിരൂരങ്ങാടി ആലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുബൈറിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തർക്കം നിലനിൽക്കുന്ന ഈ ഭൂമിയോട് ചേർന്നുള്ള ഒന്നരയേക്കർ ഭൂമി നഞ്ചയിൽ ഉൾപ്പെടുത്തി കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവ് വന്നിട്ടുണ്ട്. പ്രസ്തുത ഭൂമിയിൽ ഒരുതരത്തിലുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്നാണ് കോടതി ഉത്തരവിറക്കിയിട്ടുള്ളത്.
കൃഷിഭൂമി നികത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിരോധിക്കുന്നവരെ മാരകമായി ആക്രമിക്കുന്ന നിലപാടുകൾക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.