റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി

കോഴിക്കോട് : റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി. വീഴ്ചയില്‍ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്‌സ്പ്രസ് എസ്2 കോച്ചില്‍ നിന്നു ടിടിഇ തള്ളിയിട്ടതായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.

ഇന്നലെ വൈകിട്ട് 6.25ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ലാറ്റഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിനു ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റില്‍ തിരക്കായതിനാല്‍ ഭാര്യയെയും മകളെയും റിസര്‍വേഷന്‍ കോച്ചില്‍ കയറ്റി, മകനോടൊപ്പം ഫൈസല്‍ ജനറല്‍ കോച്ചില്‍ കയറി. ട്രെയിന്‍ പുറപ്പെടുന്നതിനിടയില്‍ ബഹളം കേള്‍ക്കുകയും പുറത്തേക്കു നോക്കിയപ്പോള്‍ മകളെയും മറ്റു രണ്ടു കുട്ടികളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേക്കു തള്ളിയിറക്കുന്നതായി കണ്ടു. ഉടനെ മകനോടൊപ്പം ഫൈസല്‍ ട്രെയിനില്‍നിന്ന് ഇറങ്ങി മകളെ പിടിച്ചു. ഇതിനിടയില്‍ ഭാര്യയെയും പുറത്തേക്കു ഇറക്കി. വീഴ്ചയില്‍ കൈക്കു പരുക്കേറ്റു. റെയില്‍വേ സുരക്ഷാ സേന എത്തി പ്രാഥമിക അന്വഷണത്തിനു ശേഷം റെയില്‍വേ പൊലീസില്‍ എത്തിച്ചു.

തിരക്കിനിടയില്‍ കുട്ടിയെയും ഭാര്യയെയും ടിടിഇ തള്ളിയിട്ടതാണെന്നും അന്വേഷിച്ച് ടിടിഇയ്‌ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് റെയില്‍വേ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ടിടിഇയോട് ഇന്നു സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.

error: Content is protected !!