കണ്ണൂര്‍: .കണ്ണൂര്‍ ടൗണ്‍ പോലീസ് എസ് എച്ച്.ഒക്കെതിരെ താവക്കര സ്വദേശിനി നല്‍കിയ പരാതിയില്‍ കണ്ണൂര്‍ വനിതാ പോലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് കേസ് തീര്‍പ്പാക്കിയത്.
ഇക്കഴിഞ്ഞ ജനുവരി 27 ന് എസ് എച്ച് ഒ തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് താവക്കര സ്വദേശിനി പി.സി. റസിയയുടെ പരാതി. കമ്മീഷന്‍ കണ്ണൂര്‍ പോലീസ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. ജനുവരി 27 ന് കണ്ണൂര്‍ അംശം ബേക്കറി ഗോഡൗണിന് സമീപം നടന്നുവരികയായിരുന്ന എസ് എച്ച്. ഒയെ പരാതിക്കാരി ഉള്‍പ്പെടെയുള്ളവര്‍ ആയുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് 180/23 നമ്പറായി കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. എന്നാല്‍ പരാതിക്കാരി സ്റ്റേഷനിലെത്തി ജാമ്യമെടുത്തില്ല. മറ്റ് പ്രതികള്‍ ജാമ്യം എടുത്തു.
എന്നാല്‍ അതേ ദിവസം തന്നെ എസ് എച്ച് ഒ ബിനുമോന്‍ തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി തന്നെ ഉപദ്രവിച്ചതായി പരാതിക്കാരി അറിയിച്ചു. ഇതാണ് വനിതാ പോലീസ് അന്വേഷിക്കുന്നത്. പരാതിക്കാരി നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നും പോലീസ് അറിയിച്ചു. പരാതിക്കാരിയും എതിര്‍ക്ഷിയും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.