തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് കെ.പി.സി.സി വാർത്താക്കുറിപ്പും പുറത്തിറക്കി.
‘ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കി’ എന്ന് ജനറല്‍ സെക്രട്ടറി എം.ലിജു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.