മലപ്പുറം : സിനിമാ കാണാന്‍ ടിക്കറ്റ് നല്കാതെ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാന്‍ സിനിമാ പ്രേമിയെ നിര്‍ബ്ബന്ധിച്ച് തിരിച്ചയച്ച തിയേറ്ററുടമയോട് 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്കാന്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്‍ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാല്‍ നല്‍കിയ പരാതിയിന്മേല്‍ ആണ് നടപടി.
2022 നവംബര്‍ 12 ന് ശ്രീരാജ് വേണുഗോപാല്‍ സുഹൃത്തിനൊപ്പം മഞ്ചേരിയിലെ ‘ലാഡര്‍’ തിയേറ്ററില്‍ അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ ‘ടിക്കറ്റ് വെനു’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും വാങ്ങിക്കാന്‍ ഉപദേശിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്. ഓണ്‍ലൈനില്‍ ടിക്കറ്റിനായി 23 രൂപയും 60 പൈസയും അധികം വാങ്ങിക്കുന്നുവെന്നും ഇത് തിയേറ്ററുടമയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി ബോധിപ്പിച്ചത്.
സ്ഥിരമായി ഈ തിയേറ്ററില്‍ നിന്നും സിനിമ കാണുന്ന പരാതിക്കാരന്‍ ഓണ്‍ലൈനില്‍ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധിക സംഖ്യ ഈടാക്കുന്നതിന്റെയും രേഖകള്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കി. പരാതിക്കാരന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ മുമ്പാകെ പരാതി ബോധിപ്പിക്കുകയും സഹകരണ രജിസ്ട്രാര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
കരിഞ്ചന്തയില്‍ കൂടിയ വിലക്ക് ടിക്കറ്റ് വില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് ഓണ്‍ലൈന്‍ വഴി മാത്രം ടിക്കറ്റ് വില്‍ക്കുന്നതെന്നും ആളുകള്‍ കുറഞ്ഞാല്‍ ഷോ ക്യാന്‍സല്‍ ചെയ്യാനും ടിക്കറ്റ് തുക തിരികെ നല്‍കാനും ഓണ്‍ലൈന്‍ വില്പന സൗകര്യമാണെന്നും തിയേറ്ററുടമ ബോധിപ്പിച്ചു. എന്നാല്‍ തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്നവര്‍ക്ക് ടിക്കറ്റ് നല്കാതെ ഓണ്‍ലൈനില്‍ അധിക സംഖ്യ നല്‍കി ടിക്കറ്റെടുക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത് സേവനത്തിലെ വീഴ്ചയും അനുചിതവ്യാപാരവും ഉപഭോക്തൃ അവകാശ ലംഘനവുമാണെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാതിരുന്നാല്‍ വിധിസംഖ്യയിന്മേല്‍ ഒമ്പത് ശതമാനം പലിശയും നല്കണമെന്ന് ഉത്തരവില്‍ പറയുന്നു.