നിർമാണത്തിലെ പിഴവ്: പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി

നിർമാണത്തിലെ പിഴവിന് പുതിയ വാഹനമോ വിലയോ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെട്ടം സ്വദേശി മുഹമ്മദ് താഹിർ ജില്ലാ ഉപഭോക്തൃകമ്മീഷൻ മുമ്പാകെ നൽകിയ പരാതിയിലാണ് വിധി. ടയോട്ട കമ്പനിയുടെ എറ്റിയോസ് ലിവ വാഹനം 8,31,145 രൂപ കൊടുത്താണ് പരാതിക്കാരൻ 2018ൽ വാങ്ങിയത്. വാഹനം വാങ്ങിയ ഉടനെ ഓയിൽ അധികമായി ഉപയോഗിക്കേണ്ടി വന്നതിനെ തുടർന്ന് സർവ്വീസ് സെന്ററിൽ പരാതിയുമായി സമീപിച്ചു. ഓരോ തവണയും അടുത്ത സർവ്വീസോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പറഞ്ഞതല്ലാതെ ഓയിൽ ഉപയോഗത്തിൽ കുറവുവന്നില്ല. തുടർന്നാണ് ജില്ലാ ഉപഭോക്തൃകമ്മീഷനിൽ പരാതി ബോധിപ്പിച്ചത്.

പരാതി തെളിയിക്കുന്നതിലേക്കായി തിരൂർ അസി. മോട്ടോർ വെഹിക്കൾസ് ഇൻസ്‌പെക്ടർ മുഖേന പരിശോധിച്ച് റിപ്പോർട്ട് നൽകി. വാഹനത്തിന് അധികമായി ഓയിൽ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നുള്ള റിപ്പോർട്ട് പരിഗണിച്ചാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പുതിയ വാഹനമോ വാഹനത്തിന്റെ വിലയായ 8,31,145 രൂപയോ പരാതിക്കാരന് നൽകണം. നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിയിൽ പറഞ്ഞു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം ഒമ്പത് ശതമാനം പലിശയും നൽകണം.

error: Content is protected !!