ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച എഴുത്തച്ഛന്റെ ഫോട്ടോ മലയാളസർവകലാശാലയിൽ പ്രകാശനംചെയ്ത ചടങ്ങ് വിവാദമായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവായിരുന്നു ഉദ്ഘാടക. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ അധ്യക്ഷനും വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ സ്വാഗതവും. എന്നാൽ പരിപാടിക്ക് മന്ത്രി വന്നില്ല. മന്ത്രി വന്നില്ലെങ്കിൽ എം.എൽ.എ ഉദ്ഘാടകനാകുകയാണ് പതിവെന്നും അതിനുപകരം വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തെന്നുമാണ് ആക്ഷേപം.
എം.എൽ.എ.യെ അവഗണിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നുമാണ് പരാതി. എം.എൽ.എ. അധ്യക്ഷതവഹിച്ചു തിരിച്ചുപോയശേഷം വിഷയം യു.ഡി.എഫ്. കമ്മിറ്റി ഏറ്റെടുത്തു.
വി.സി.ക്കെതിരേ പത്രസമ്മേളനം നടത്തി. എം.എൽ.എ. വിദ്യാഭ്യാസ മന്ത്രിക്കും സ്പീക്കർക്കും പരാതിനൽകി. മന്ത്രി പറഞ്ഞതനുസരിച്ചാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വൈസ് ചാൻസലർ എം.എൽ.എ.യ്ക്ക് മുകളിലാണെന്നുമായിരുന്നു വി.സി.യുടെ ആദ്യപ്രതികരണം. വി.സി.യോട് ഉദ്ഘാടനംചെയ്യാൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞെന്നാണ് എം.എൽ.എ. പക്ഷം പറയുന്നത്.
പ്രതിഷേധവുമായി യു.ഡി.എഫ്.
മലയാളസർവകലാശാലയെ സി.പി.എം. ഗവേഷണസ്ഥാപനമാക്കരുതെന്ന് യു.ഡി.എഫ്. ആരോപിച്ചു. വൈസ് ചാൻസലറിൽനിന്ന് സ്ഥലം എം.പി.ക്കും എം.എൽ.എ.യ്ക്കും ഉണ്ടാകുന്ന അവഗണന തുടരാൻ അനുവദിക്കില്ലെന്നും മണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനപ്രതിനിധിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ പത്തിന് സർവകലാശാലയ്ക്കു മുൻപിൽ യു.ഡി.എഫ്. പ്രതിഷേധക്കൂട്ടം നടത്തും. വൈസ് ചാൻസലർ സി.പി.എമ്മിന്റെ വിനീതവിധേയനായി മാത്രം പ്രവർത്തിക്കുന്ന റബ്ബർസ്റ്റാമ്പായി മാറി. സർവകലാശാലയുടെ അന്തസ്സും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ തയ്യാറാകണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ നഗരസഭാ ഉപാധ്യക്ഷൻ പി. രാമൻകുട്ടി, മണ്ഡലം യു.ഡി.എഫ്. കൺവീനർ വെട്ടം ആലിക്കോയ, പി. സൈതലവി, പി.സി. ഇസ്ഹാഖ്, എം.പി. മുഹമ്മദ് കോയ, പി. അലി ഹാാജി തുടങ്ങിയവർ പറഞ്ഞു.