
മലപ്പുറം : രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ ദിവസമാണ് ഇന്ന്. രാജ്യത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്. ാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി ആരംഭിച്ചിരിക്കുകയാണ്. ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9 ന് ദേശീയ പതാക ഉയര്‍ത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാന്‍ഡര്‍ അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ അണിചേര്‍ന്നു.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ ദേശീയ പതാക ഉയര്‍ത്തി.
പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു. അഭിമാനത്തിന്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിര്‍ണ്ണായക നേട്ടങ്ങള്‍ക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറില്‍ വീര സൈനികര്‍ക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികര്‍ തീവ്രവാദികള്‍ക്ക് നല്ല മറുപടി നല്‍കി. അവരെ പിന്തുണക്കുന്നവര്‍ക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികള്‍ നിഷ്‌ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. പാക് തീവ്രവാദ കേന്ദ്രങ്ങള്‍ നമ്മുടെ സൈന്യം തകര്‍ത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറില്‍ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കര്‍ഷകര്‍ക്കാണ് എന്നാണ് പ്രസംഗത്തിന്റെ പ്രാരംഭത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.
രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിന്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. വികസിത ഭാരത്തിന്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ഇന്ത്യയുടെ ആണവോര്‍ജ ശേഷി പത്തിരട്ടി വര്‍ധിച്ചിരിക്കുന്നു. ഈ മേഖലയില്‍ നിരവധി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രംസംഗത്തില്‍ പറഞ്ഞു.