റിയാസ് മൗലവി വധക്കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു, വിധി ഏഴു വര്‍ഷത്തിന് ശേഷം, പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

കാസര്‍കോട്: കാസര്‍കോട്ടെ പ്രമാദമായ മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സഷന്‍സ് കോടതിയുടേതാണ് വിധി. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിധി വന്നിരിക്കുന്നത്. ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്.

2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ കുടക് സ്വദേശി 27 വയസുള്ള റിയാസ് മൗലവിയെ ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റവാളികളെ പിടികൂടിയിരുന്നു. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. 2019ല്‍ വിചാരണ ആരംഭിച്ചു.

വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. വിധിയില്‍ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും അപ്പീല്‍ പോകുന്നതില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.

error: Content is protected !!