ജില്ലയില്‍ കോവിഡ് കേസ് വര്‍ധിക്കുന്നു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം : ജില്ലയില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് കണ്ടെത്തിയതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. എല്ലാ ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നുണ്ട്. ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്നും ഡിഎംഒ അറിയിച്ചു.

രോഗ പ്രതിരോധത്തിന് മാസ്‌ക് ധരിക്കണം. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് പരിശോധന നടത്തണമെന്നും കൃത്യമായ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.

2023 ജനുവരി മുതല്‍ ജില്ലയില്‍ 10 കോവിഡ് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും ഇതര രോഗങ്ങളുള്ളവരായിരുന്നു. അതിനാല്‍ പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, വൃക്ക രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ നിലവില്‍ 411 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 36 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ ഐ സി യുവില്‍ ചികിത്സയിലുണ്ട്. 19.09 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

error: Content is protected !!