തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു.
1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. 1956 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്കോർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി.
1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്‍റർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ. 1985 ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്‍ അംഗമാണ്. മൂന്ന് തവണ നിയമസഭാംഗമായി. 1987, 1996, 2006 കാലത്താണ് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായത്. 1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.
1979ല്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കയര്‍ തൊഴിലാളി മേഖലയായിരുന്നു. ആനത്തലവട്ടത്തിന്റെ തട്ടകം. കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിയത്. കയര്‍ മേഖലയിലെ ചൂഷണത്തിനെതിരായ സമരങ്ങള്‍ നയിച്ചു. 2016-21 കാലത്ത് കയര്‍ അപക്‌സ് ബോഡി അദ്ധ്യക്ഷനായിരുന്നു.
ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.