താനൂർ : സിപിഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു.
മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.
സ്വാഗത സംഘം ജനറൽ കൺവിനർ ഇ ജയൻ സ്വാഗതം പറഞ്ഞു. വി പി സാനു താത്ക്കാലിക അധ്യക്ഷനായി. വി ശശികുമാർ രക്തസാക്ഷി പ്രമേയവും പി കെ അബ്ദുള്ള നവാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി പി സാനു, കെ പി സുമതി, വി രമേശൻ, ജോർജ് കെ ആൻ്റണി, പി ഷബീർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വി ശശികുമാർ കൺവീനറായി പ്രമേയ കമ്മിറ്റിയും പി കെ അബ്ദുള്ള നവാസ് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയും വി എം ഷൗക്കത്ത് കൺവീനറായി മിനുട്സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.
ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പൊതുചർച്ച തുടങ്ങി. വ്യാഴം ചർച്ച തുടരും. വെള്ളി വൈകിട്ട് നാലിന് താനൂർ ഹാർബർ പരിസരത്തു നിന്നും ചുവപ്പ് സേന മാർച്ചും താനൂർ ബീച്ച് റോഡിലെ ഗ്രൗണ്ടിൽ നിന്ന് പൊതു പ്രകടനവും ആരംഭിക്കും. വൈകിട്ട് 5.30ന് സീതാറാം യെച്ചൂരി നഗറിൽ (ചീരാൻ കടപ്പുറം) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം സ്വരാജ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളത്തിൽ മുതിർന്ന നേതാക്കളായ ടി കെ ഹംസ, പി പി വാസുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ സൈനബ, പി ശ്രീരാമകൃഷ്ണൻ, ഇ എം എസിൻ്റെ മകൾ ഇ എം രാധ എന്നിവർ പങ്കെടുത്തു.