Sunday, July 13

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി കടുത്ത ആര്‍എസ്എസുകാരന്‍, രാവും പകലും ആര്‍.എസ്.എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നു ; പിവി അന്‍വര്‍

മലപ്പുറം ; സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് കടുത്ത ആര്‍എസ്എസുകാരനാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പാര്‍ട്ടി ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇ എന്‍ മോഹന്‍ ദാസ് രാവും പകലും ആര്‍.എസ്.എസിനു വേണ്ടിയാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

6 മാസം മുമ്പ് ഇ എന്‍ മോഹന്‍ ദാസിനെ ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ വച്ച് ഒരു സെക്രട്ടറിയറ്റ് അംഗം കയ്യേറ്റം ചെയ്തിട്ടുണ്ട്. ചവിട്ടിവീഴ്ത്തി കോളറിന് പിടിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്ക് ഫണ്ട് കൊടുക്കലല്ല സര്‍ക്കാര്‍ നിലപാട് എന്നു പറഞ്ഞ് ഇ.എന്‍.മോഹന്‍ദാസ് പല തവണ തന്നെ തടഞ്ഞു. ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളോടും സിപിഎം ജില്ലാ സെക്രട്ടറിക്ക് കടുത്ത വിരോധമാണെന്നും അന്‍വര്‍ ആരോപിച്ചു.

നിലമ്പൂരില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം തന്നെ അവഗണിച്ചു. മുഖ്യമന്ത്രിയടക്കം നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല. എല്ലാത്തിനും പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളെല്ലാം തടഞ്ഞതെന്നും പിവി അന്‍വര്‍ പറഞ്ഞു.

error: Content is protected !!