പൊന്നാനി : എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ പ്രദര്‍ശന വാഹന, ഫ്‌ലാഷ് മോബ് സംഘം പ്രയാണം ആരംഭിച്ചു. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് വീണാ ജോര്‍ജ്ജ് പ്രയാണം ഫ്‌ലാഗ് ഓഫ് ചെയ്തു.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രദര്‍ശന വാഹന, ഫ്‌ലാഷ് മോബ് പ്രയാണം സംഘടിപ്പിക്കുന്നത് . അണ്‍നോണ്‍ ക്രു സ്റ്റുഡിയോ ഫോര്‍ ആര്‍ട്ടിസ്റ്റിന്റെ നേതൃത്വത്തില്‍ പത്തോളം പേരടങ്ങുന്ന സംഘമാണ് മേളയുടെ പ്രചരണാര്‍ത്ഥം ഫ്‌ലാഷ് മോബ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് എല്‍.ഇ.ഡി വാള്‍ പ്രദര്‍ശനവും നടക്കും.
ആദ്യ ദിനം പൊന്നാനിയിലെ വിവിധ യിടങ്ങളില്‍ പ്രയാണം നടത്തിയ .സംഘം രണ്ടാം ദിനം തിരൂര്‍, താനൂര്‍ മേഖലയില്‍ പ്രകടനം നടത്തി. തിരൂര്‍ ബസ് സ്റ്റാന്റ്, പടിഞ്ഞാറെക്കര ബീച്ച് പാര്‍ക്ക്, ഉണ്യാല്‍ ബീച്ച്, താനൂര്‍ ബസ് സ്റ്റാന്റ്, ഒട്ടും പുറം ബീച്ച് എന്നിവിടങ്ങളിലാണ് രണ്ടാം ദിനം പ്രകടനം നടത്തിയത്.
പൊന്നാനിയില്‍ നടന്ന ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പി നന്ദകുമാര്‍ എംഎല്‍എ , നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു, നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക, ഡോ.പി.കെ അനൂപ് , ഡോ.പി.കെ ആശ, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
മെയ് 4 മുതല്‍ 10 വരെ പൊന്നാനി എ.വി. ഹൈസ്‌കൂള്‍ മൈതാനത്താണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്. വിവിധ വകുപ്പുകളിലൂടെ ജനകീയ പദ്ധതികളും സേവനങ്ങളും എന്റെ കേരളം പ്രദര്‍ശന സ്റ്റാളുകളില്‍ ജനങ്ങള്‍ക്ക് നേരിട്ടറിയാം. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. എല്ലാ ദിവസവും സാംസ്‌ക്കാരിക പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയും നടക്കും. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.