
മലപ്പുറം: മഞ്ചേരി കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മൂടേപ്പുറം മുത്തന്‍ ക്ഷേത്രത്തില്‍ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയാണ് ഒരു ലക്ഷം രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹവുമായി മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്. ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മിയാണ് ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചുറ്റമ്പലത്തില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. ശ്രീ കോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയിട്ടില്ല. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി ഇന്‍സ്‌പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.