Wednesday, December 17

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടു, പൾസർ സുനി ഉൾപ്പെടെയുള്ളവർ കുറ്റക്കാർ

പ്രമാദമായ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച്‌ സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ച്‌ അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച്‌ കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച്‌ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്.

വിവരമറിഞ്ഞ് സ്ഥലം എംഎല്‍എ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പള്‍സർ സുനി എന്ന സുനില്‍ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.

ആക്രമണത്തിന് ഇരയായ സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ 2017 ഫെബ്രുവരി 19ന് കൊച്ചിയില്‍ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ നടന്നു. ഈ പരിപാടിയില്‍ വെച്ച്‌ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യർ സൂചിപ്പിച്ചിരുന്നു. പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട വടിവാള്‍ സലിം, പ്രദീപ് പ്രതികളില്‍ ഒരാളായ മണികണ്ഠൻ എന്നിവരെ പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച്‌ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാകാനെത്തിയ പള്‍സർ സുനി, വിജേഷ് എന്നിവരെ പൊലീസ് പിടികൂടി. 50 ലക്ഷം രൂപയുടെ ക്വട്ടേഷൻ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നായിരുന്നു പള്‍സർ സുനിയുടെ മൊഴി. പിന്നാലെ റിമാൻഡിലായ പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു.

ഇതിന് പിന്നാലെ കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രില്‍ 18ന് പള്‍സർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു.

ഇതിന് പിന്നാലെയാണ് കേസില്‍ നടൻ ദിലീപിൻ്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ചു സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. 2017 ജൂണ്‍ 23ന് കേസില്‍ ദിലീപിൻ്റെ പങ്ക് വെളിപ്പെടുത്തി പള്‍സർ സുനി എഴുതിയ കത്ത് ഒരു ചാനൽ പുറത്ത് വിട്ടത് കേസിലെ നിർണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിൻ്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെ
ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാൻ ശ്രമിച്ച കേസില്‍ പള്‍സർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

error: Content is protected !!