പാഴ് വസ്തു തരം തിരിവ് പ്രദർശന സ്റ്റാൾ സ്ഥാപിച്ചു

മലപ്പുറം : പാഴ് വസ്തുക്കൾ എങ്ങനെ തരംതിരിക്കണമെന്ന് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ പോംവഴിയുണ്ട്. മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്ന് പാർക്കിൽ ഒരുക്കിയ പാഴ് വസ്തു പ്രദർശന സ്റ്റാളിലെത്തിയാൽ പാഴ് വസ്തുക്കൾ തരം തിരിക്കലിന്റെ ആശങ്കകൾ അകറ്റാം.

പൊതുജനങ്ങൾക്കായി ഇവിടെ എങ്ങനെ പാഴ് വസ്തുക്കൾ തരം തിരിക്കാമെന്ന് അറിയാൻ സൗകര്യമുണ്ട്. ക്ലീൻ കേരള കമ്പനിയും ജില്ലാ ശുചിത്വമിഷനും സഹകരിച്ചാണ് സ്റ്റാൾ സ്ഥാപിച്ചത്. ഓണാഘോഷം ഗംഭീരമാകുമ്പോൾ ബാക്കിയാകുന്ന പാഴ് വസ്തുക്കളുടെ തരംതിരിവ് പൊതുജനത്തിന് നേരിൽ ബോധ്യപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും.

പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നതിൽ തുടങ്ങി ഇവയുടെ തരംതിരിവും ഹരിതകർമസേന ശേഖരിക്കുന്നതുമെല്ലാം വ്യക്തമാക്കുന്ന തരത്തിലാണ് സ്റ്റാളിന്റെ ക്രമീകരണം. മേളയിലെത്തുന്നവർ ഉപയോഗിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ കയ്യൊഴിയുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലപ്പുറം നഗരസഭയുടെ ഹരിത കർമ സേനയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. നിരവധി സന്ദർശകരാണ് സ്റ്റാൾ കാണാനായി എത്തുന്നത്. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് പാഴ് വസ്തു ശേഖരണവുമായി ബന്ധപ്പെട്ട ലഘുലേഖയും നൽകുന്നുണ്ട് .

error: Content is protected !!