കാമ്പസ് ഫ്രണ്ട മുന്‍ നേതാവാണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിലെ സ്‌പെഷ്യല്‍ എജുക്കേറ്ററെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കലക്ടറുടെ നിര്‍ദേശം. തവനൂര്‍ അയിങ്കലം സ്വദേശിയുമായ തടത്തില്‍ മുജീബ് റഹ്മാനെയാണ് പിരിച്ചുവിടാന്‍ ജില്ലാ കലക്ടര്‍ വിനോദ്കുമാര്‍ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയത്.
നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ഭരണസമിതി യോഗത്തിലെത്തി വിശദീകരണം നല്‍കാന്‍ അധ്യാപകനോട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുജീബ് റഹ്മാനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12 ാം തിയതിയാണ് ജില്ലാ കലക്ടറുടെ കത്ത് ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്.
മുജീബ് റഹ്മാന്‍ ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗമായ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന നേതാവാണെന്നും ഇദ്ദേഹത്തിനെതിരേ പരപ്പനങ്ങാടിയില്‍ കേസുണ്ടെന്നുമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന മുജീബ് റഹ്മാന്‍ കാംപസ് ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിലധികമായി സ്‌പെഷ്യല്‍ അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുജീബ് റഹ്മാന്‍ 2023 ജനുവരിയിലാണ് കുറ്റിപ്പുറത്ത് എത്തുന്നത്.
കുറ്റിപ്പുറം ബഡ്‌സ് സ്‌കൂളിന്റെ പിറവിക്ക് പിന്നില്‍ ഏറെ പ്രയത്‌നിച്ച മുജീബ് റഹ്മാനെ പിരിച്ചുവിടണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം പഞ്ചായത്തിനെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.