ലോക്‌സഭ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണം ; ജില്ലാ കളക്ടര്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹരിതചട്ടം പൂർണ്ണമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ.വിനോദ് നിര്‍ദ്ദേശിച്ചു. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും പൂർണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കണം. പകരം നൂറ് ശതമാനം കോട്ടൺ, പേപ്പർ, പോളി എത്തിലിൻ തുടങ്ങി പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പോളിങ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഹരിതചട്ടത്തെ കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും കളക്ടർ അറിയിച്ചു.

പോളിങ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ക്രമീകരണത്തിനും തിരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം. പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവ കൊണ്ടുവരുമ്പോള്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്‌നറുകളും പരമാവധി ഒഴിവാക്കണം. തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ വോട്ടർ സ്ലിപ്പ്, രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നിവ പോളിങ് ബൂത്തിന്റെ പരിസരങ്ങള്‍ ഉപേക്ഷിക്കരുത്. പകരം ഇവ ശേഖരിച്ച് കളക്ഷൻ സെന്ററുകളിൽ എത്തിച്ച് സ്ക്രാപ്പ് ഡീലേഴ്സിനു കൈമാറണം. തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ജില്ലാ കളക്ടർ വി.ആർ.വിനോദ് നിര്‍ദ്ദേശിച്ചു.

error: Content is protected !!