നിപ: നിയന്ത്രണങ്ങളില്‍ ഇളവ്, രണ്ടു വാര്‍ഡുകളില്‍ മാത്രം പ്രത്യേക നിയന്ത്രണം

മലപ്പുറം : ജില്ലയിലെ നിപ നിയന്ത്രണങ്ങളില്‍ ഇളവ്. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റു വാര്‍ഡുകളില്‍ നിപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവ ഒഴികെയുള്ള വാര്‍ഡുകളില്‍ ആണ് പ്രത്യേക നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. ഈ രണ്ടു വാര്‍ഡുകളിലും നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും.

ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക എന്നീ നിയന്ത്രണങ്ങള്‍ ഇനിയും തുടരും.

നിലവില്‍ ഐസലേഷന്‍/നിരീക്ഷണത്തില്‍ ആയിരിക്കുന്ന എല്ലാവരും നിര്‍ബന്ധമായും 21 ദിവസം ഐസലേഷനില്‍ തുടരണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഐസലേഷന്‍ അവസാനിപ്പിക്കാവൂ. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

error: Content is protected !!