ജില്ലയിലെ ജോലി ഒഴിവുകളും അറിയിപ്പുകളും

ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ്. അഭിമുഖം നവംബര്‍ 14ന് രാവിലെ 10.30-ന് മലപ്പുറം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.

ഫോണ്‍-0483 2734852

———-

റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായം

കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കി പ്രത്യേക ഔട്ട്‌ലെറ്റുകള്‍ വഴി അവ വിറ്റഴിക്കുന്നതിനുമായി പ്രീമിയം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം. ജില്ലയിലെ ഫാം പ്ലാന്‍ അധിഷ്ഠിതമായി രൂപീകരിച്ച് എഫ്.പി.ഒ, മറ്റ് മാര്‍ഗങ്ങളിലൂടെ സ്ഥാപിതമായ എഫ്.പി.ഒ എന്നിവയ്ക്ക് നേരിട്ടും കുടുംബശ്രീ, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫെഡറേറ്റഡ് രജിസ്‌റ്റേർഡ് ഓര്‍ഗനൈസേഷനുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവക്ക് ഫ്രൈഞ്ചൈസി മോഡിലും ഇവയെ ഏറ്റെടുക്കാം. ഒരു യൂനിറ്റിന് പരമാവധി പത്തുലക്ഷം രൂപ സര്‍ക്കാര്‍ സഹായം ലഭിക്കും. താല്‍പര്യമുള്ള ഏജന്‍സികള്‍ മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ, അതത് കൃഷി ഭവനിലോ നവംബര്‍ 10 നു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

————-

നവകേളസദസ്; വിദ്യാര്‍ഥികളുടെ യോഗം നാളെ

നവകേരള സദസിന്റെ പ്രാചരണാര്‍ഥം മങ്കട മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിവിധ കോളേജുകളില്‍ നിന്നുളള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള യോഗം നാളെ (നവംബര്‍ 9) ഉച്ചക്ക് രണ്ടിന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ ഒരു കോളേജില്‍ നിന്ന് പരമാവധി 10 വിദ്യാര്‍ഥികളെയും ഒരു അധ്യാപകനെയും പങ്കെടുപ്പിക്കാം. പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് പെരിന്തൽമണ്ണ പോളി ടെക്നിക് പ്രിൻസിപ്പൽ അറിയിച്ചു.

———

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നാളെ

ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച്, ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ജില്ലാ ആസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നാളെ (നവംബര്‍ 9 )രാവിലെ 9.30 മുതല്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസ് മിനി ഹാളില്‍ നടക്കും. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയാകും. സ്‌പോര്‍ട്‌സ് ആയുര്‍വേദ സ്‌പെഷ്യാലിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ പ്രകാശനം ചെയ്യും. ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മുന്നൂറോളം പേര്‍ക്കാണ് ക്യാമ്പില്‍ സൗകര്യമൊരുക്കിയിട്ടുള്ളത്.

നേത്ര കര്‍ണ രോഗങ്ങള്‍, സ്ത്രീ രോഗം, ഉദര രോഗങ്ങള്‍, ന്യൂറോളജി, ത്വക് രോഗങ്ങള്‍, കോസ്മറ്റോളജി, മെമ്മറി ക്ലിനിക്ക്, മാനസികാരോഗ്യം, സ്‌പോര്‍ട്‌സ് ആയുര്‍വേദ, ജനറല്‍ മെഡിസിന്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റികളിലാണ് ക്യാമ്പ് നടത്തുന്നത്.

ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ 16 എപിഡെമിക് സെല്ലുകളുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തദ്ദേശ ജനപ്രതിനിധികള്‍ക്കും ആശ പ്രവര്‍ത്തകര്‍ക്കും ഹരിത കര്‍മ സേനക്കുമായി ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.ജി ശ്യാമളയും ജില്ലാ എപിഡെമിക് സെല്‍ കണ്‍വീനര്‍ ഡോ. നൗഫല്‍ പനക്കലും അറിയിച്ചു.

————

അംശദായം അടക്കുന്നതില്‍വീഴ്ച വരുത്തരുത്

കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ള മദ്‌റസാധ്യാപകര്‍ ക്ഷേമനിധിയിലേക്കുള്ള അംശദായം അടക്കുന്നതില്‍ ആറുമാസം തുടര്‍ച്ചയായി വീഴ്ച വരുത്താതെ ശ്രദ്ധിക്കണമെന്നും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിന് അംഗത്വം റദ്ദാവാതെ സൂക്ഷിക്കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

———

കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള സ്ഥാപന മേധാവികള്‍ നവംബര്‍ 15നകം കലക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലിലോ minoritycellmpm@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷ നല്‍കണം. ഫോണ്‍-8086545686, 0483 2739577

———-

പി.എസ്.സി പരീക്ഷ 11ന്

പബ്ലിക് സര്‍വീസ് കമ്മിഷന്‍ എല്‍.ഡി ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, കാഷ്യര്‍, ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് നടത്തുന്ന ഒ.എം.ആര്‍ പരീക്ഷ(പ്രിലിമിനറി രണ്ടാംഘട്ടം) 11ന് ഉച്ചക്ക് 1.30 മുതല്‍ 3.15വരെ നടക്കും.

————-

കുടിശിക നിവാരണ കാലാവധി ദീര്‍ഘിപ്പിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍നിന്നും പാറ്റേണ്‍, സിബിസി പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയവര്‍ക്ക്് ആകര്‍ഷകമായ ഇളവുകളോടെ കുടിശിക ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിനുള്ള കാലാവധി നവംബര്‍ 30വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍-0483 2734807, pomlp@kkvib.org

————

അധ്യാപക ഒഴിവ്

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം നവംബര്‍ 10ന് രാവിലെ പത്തുമണിക്ക് സ്‌കൂളില്‍വച്ച് നടക്കും. ഫോണ്‍-9747089544

——–

ജലവിതരണം മുടങ്ങും

മൂര്‍ക്കനാട് സ്‌കീമില്‍ കുറുവ പഞ്ചായത്തിലുള്ള വാള്‍വ് തകറാറിലായതിനാല്‍ ഈ സ്‌കീമില്‍നിന്ന് ജലവിതരണം നടത്തുന്ന കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, മങ്കട പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ നാളെ മുതൽ 11 വരെ (നവംബര്‍ 9, 10 , 11) മൂന്നുദിവസം ജല വിതരണം തടസപ്പെടും.

error: Content is protected !!