മലപ്പുറം : ജില്ലാ സപ്ലൈ ഓഫീസിനായി മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. ഫര്‍ണിഷിംഗ്, വൈദ്യുതീകരണ ജോലികള്‍ ഉള്‍പ്പടെ പൂര്‍ത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി അറിയിച്ചു.
1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. രണ്ട് നിലകളിലായുള്ള കെട്ടിടത്തില്‍ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ വകുപ്പിന്റെ ഓഫീസ് കെട്ടിടം പൊളിക്കുന്നത്. തുടര്‍ന്ന് കാവുങ്ങലിലെ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.
നിലവില്‍ സ്വകാര്യ കെട്ടിടത്തില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് ജില്ലാ സപ്ലൈസ് ഓഫീസര്‍ ഉള്‍പ്പടെ 20ലധികം ഉദ്യോഗസ്ഥര്‍ ജോലി ചെയ്ത് വരുന്നത്. ജില്ലയില്‍ ഏഴ് താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന 1,237 റേഷന്‍ കടകള്‍, 10 എന്‍.എഫ്.എസ്.എ ഗോഡൗണുകള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് മാറുന്നതോടെ പൊതുജനങ്ങള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സൗകര്യമാകും.