സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍, വോട്ടെടുപ്പിനിടെ 8 മരണം

സംസ്ഥാനത്ത് വോട്ടിങ്ങിനിടെ എട്ടുപേര്‍ മരിച്ചു. ഏഴുപേര്‍ കുഴഞ്ഞുവീണും ഒരാള്‍ ബൈക്കപടത്തിലുമാണ് മരിച്ചത്. മലപ്പുറം തിരൂരില്‍ തിരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാന്‍ ബൈക്കില്‍ പോയ ആള്‍ വാഹനമിടിച്ച് മരിച്ചു. ബിഎം സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കില്‍നിന്നു വീഴുകയായിരുന്നു.

പാലക്കാട് പെരുമാട്ടി വിളയോടിയില്‍ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്തു മകന്‍ കണ്ടന്‍ (73) ആണ് മരിച്ചത്. ചിറ്റൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിളയോടി നല്ല മാടന്‍ ചള്ള എസ്?എന്‍ യുപി സ്‌ക്കൂളിലെ 155 ബൂത്തിലെ വോട്ടറായിരുന്നു മരിച്ച കണ്ടന്‍. സംസ്‌കാരം 27ന് രാവിലെ 10 ന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം ശ്മശാനത്തില്‍. ഭാര്യ: ദൈവാനി. മക്കള്‍: ബാബു (കണ്ണന്‍), മുരളീധരന്‍, ശാന്തി. മരുമക്കള്‍: കൃഷ്ണവേണി, സുബ്രഹ്‌മണ്യന്‍.

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എഞ്ചിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: അടക്കാനി വീട്ടില്‍ സെറീന (ബീവി). മക്കള്‍: ഫായിസ് അഹ്‌മദ്, ഫളിലു അഹ്‌മദ്, ആഖില്‍ അഹ്‌മദ്, ബിലാല്‍ അഹ്‌മദ്. മരുമക്കള്‍: പഴയ തോപ്പില്‍ അനൂന, പുതിയ വീട്ടില്‍ ഡോ. ഫാത്തിമ ഫെലി.

പാലക്കാട് തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം. അമ്മ: മല്ലിക. സഹോദരങ്ങള്‍: ഷൈജ, ഷീജ, ഷീബ.

ആലപ്പുഴ കാക്കാഴം എസ്എന്‍ വി ടിടിഐ സ്‌കബളില്‍ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജന്‍ (82) കുഴഞ്ഞു വീണു മരിച്ചു. 138 നമ്പര്‍ ബൂത്തിലെ വോട്ടറാണ്.

വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി (63) ആണ് മരിച്ചത്. കുണ്ടുകണ്ടത്തില്‍ ഹസ്സന്റെ ഭാര്യയാണ്. വളയം യു പി സ്‌കൂളിലെ 63 നമ്പര്‍ ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ മരണപെടുകയായിരുന്നു.

error: Content is protected !!