താലൂക്ക് ആശുപത്രിയിലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ വാർഷികം നടത്തി

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ‘ ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.
ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയാണെന്ന് ഭാരവാഹികൾ പറഞ്ഞു.

വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ‘ ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ആശുപത്രിയിലെത്തിച്ച് വിതരണം നടത്തുന്നത്. ജാതി മത രാഷ്ട്രീയാതീതമായി ഈ പ്രവർത്തനത്തിന് തിരൂരങ്ങാടിക്കാർ അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. ഒരു ലക്ഷം പിന്നിട്ട വെള്ളിയാഴ്ച പൊതിച്ചോർ വിതരണോദ്ഘാടനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി. വസിഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് എം ബൈജു അധ്യക്ഷനായി. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം സെക്രട്ടറി യു എ റസാഖ്, ഡി വൈ എഫ് ഐ ജില്ല ജോയൻ്റ് സെക്രട്ടറി സി ഇല്യാസ്, നഗരസഭ കൗണ്സിലർ നദീറ കുന്നത്തേരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മറ്റി സെക്രട്ടറി പി വി അബ്ദുൾ വാഹിദ് സ്വാഗതവും കെ പി ബബീഷ് നന്ദിയും പറഞ്ഞു.

അതേസമയം, പദ്ധതിക്ക് മുമ്പ് തടസ്സം നിന്നിരുന്ന നഗരസഭയുടെ ചെയർമാൻ തന്നെ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു ചടങ്ങിന് വന്നു. മുമ്പ് പദ്ധതി ഉദ്‌ഘാടനം ആശുപത്രിയിൽ നടത്തിയതിനെ തുടർന്ന് വിവാദമായിരുന്നു. എച്ച് എം സിയുടെ അനുമതിയില്ലെന്നു പറഞ്ഞു ആശുപത്രിക്കുള്ളിൽ പൊതിച്ചോറ് വിതരണം ചെയ്യാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് അന്ന് മുതൽ ഇന്ന് വരെ ആശുപത്രിക്ക് പുറത്ത് കവാടത്തിനു സമീപത്ത് വെച്ചാണ് വിതരണം ചെയ്യുന്നത്. ഇനിയെങ്കിലും ആശുപത്രിക്കുള്ളിൽ വിതരണം ചെയ്യാൻ സൗകര്യം നൽകണമെന്ന് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി.വി.വാഹിദ് ആവശ്യപ്പെട്ടു.

error: Content is protected !!