
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിലവില്‍ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്‌കൂള്‍ പഠന സമയം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം.
വിദഗ്ധ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സമയ മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലത്. അല്ലാതെ ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയായ നടപടി അല്ലെന്നും മന്ത്രി പറഞ്ഞു. 37 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സര്‍ക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.