കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുന്‍ എംഎല്‍എ ടി.വി.രാജേഷിന്റെയും വിടുതല്‍ ഹര്‍ജി എറണാകുളം സിബിഐ സ്‌പെഷല്‍ കോടതി തള്ളി. കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി.ശബരിനാഥന്‍ തള്ളിയത്. നേരത്തെ സിബിഐ കുറ്റപത്രത്തില്‍ പി,ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
മുസ്ലീംലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചു നടന്നു എന്നാണ് സിബിഐ പറയുന്നത്. കല്ലേറിനെ തുടര്‍ന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്.
കേസില്‍ തങ്ങള്‍ക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നായിരുന്നു ജയരാജനും രാജേഷും വിടുതല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ ഗൂഡാലോചന നടന്നു എന്നും ഇതില്‍ പങ്കെടുത്ത 2 പേര്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന ഫോണ്‍ വിളികളുടെ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തെളിവായുണ്ടെന്നുമാണു സിബിഐ വാദിച്ചത്. മാത്രമല്ല, ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികള്‍ ഉണ്ടെന്നും അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും സിബിഐ വാദിച്ചിരുന്നു. തുടര്‍ന്നാണ് പി.ജയരാജനും ടി.വി.രാജേഷും വിചാരണ നേരിടണമെന്നു കാട്ടി വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്.
ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. അതിനെ തുടര്‍ന്നാണു ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കൂടി ഉള്‍പ്പെടുത്തി സിബിഐ പി.ജയരാജനും ടി.വി.രാജേഷിനുമേതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.