Friday, July 25

പെറ്റിക്കേസുകളില്‍ തിരിമറി നടത്തി വനിത പൊലീസുദ്യോഗസ്ഥ തട്ടിയെടുത്ത് 16 ലക്ഷത്തിലധികം രൂപ

കൊച്ചി : പെറ്റിക്കേസുകളില്‍ അഴിമതി നടത്തി വനിത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തട്ടിയത് 16 ലക്ഷത്തിലധികം രൂപ. മൂവാറ്റുപുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിലവില്‍ മൂവാറ്റുപുഴ വാഴക്കുളം പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണയാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റില്‍ റൈറ്ററായിരുന്ന കാലത്തായിരുന്നു പെറ്റിതുകയില്‍ തിരിമറി നടത്തി 16,76,650 രൂപ ശാന്തിനി കൃഷ്ണന്‍ തട്ടിയെടുത്തത്. രസീതിലും രജിസ്റ്ററിലുമുള്‍പ്പെടെ തിരിമറി നടത്തിയാണ് ഇത്രയും വലിയ തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തു. ട്രാഫിക് പൊലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവന്‍ ബാങ്കിലടയ്ക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി തട്ടിയെടുത്തു എന്നാണ് കേസ്. ട്രാഫിക് എസ്.ഐ ടി. സിദ്ദിഖിനോട് ജില്ല പൊലീസ് മേധാവി ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞിരുന്നു. തുടര്‍ന്ന് ജൂലായ് 21ന് എസ്.ഐ മൊഴി നല്‍കി. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി കേസെടുത്തു. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്ററായിരിക്കെ 2018 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെയാണ് തട്ടിപ്പ് നടന്നത്. രസീതിലും രജിസ്റ്ററിലുമുള്‍പ്പെടെ തിരിമറി നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ട്രാഫിക് കേസുകളില്‍ പിഴയായി ഈടാക്കുന്ന തുക പൊലീസുകാര്‍ അതത് ദിവസം റൈറ്ററെ ഏല്‍പ്പിക്കുകയാണ് ചെയ്തിരുന്നത്. ഇ പോസ് യന്ത്രം വന്ന ശേഷമാണ് ഇതില്‍ മാറ്റം വന്നത്. ഈ തുകയുടെ കണക്കുകള്‍ പൊലീസ് സ്റ്റേഷനിലെ അക്കൗണ്ടുകളിലും രജിസ്റ്ററിലും ചേര്‍ത്ത ശേഷം ചലാനെഴുതി ബാങ്കില്‍ അടയ്ക്കുന്നത് ചുമതലയിലുള്ള റൈറ്ററാണ്. രസീതുകളിലും രജിസ്റ്ററുകളിലും യഥാര്‍ഥ തുകയെഴുതുകയും ചെലാനില്‍ കുറഞ്ഞ തുക രേഖപ്പെടുത്തി ബാങ്കില്‍ അടയ്ക്കുകയുമാണ് ശാന്തിനി ചെയ്തിരുന്നത്. പണമടച്ചശേഷം ബാങ്ക് രസീതില്‍ ബാക്കി ഭാഗം എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. പല തവണയായാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയത്. ജില്ല പോലീസ് ഓഫിസിലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ രസീതുകളില്‍ വ്യത്യാസം കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

error: Content is protected !!