നന്നംബ്ര: വിവാദത്തിലായിരുന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ പി ടി എ തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്തി. മുസ്ലിം ലീഗും ഇതര കക്ഷികളും നടത്തിയ സമവായ ചർച്ചയെ തുടർന്ന് എല്ലാ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പി ടിഎ പ്രസിഡന്റ് ആയി മുസ്ലിം ലീഗിൽ നിന്നുള്ള ഹാരിസ് പാലപ്പുറയേയും വൈസ് പ്രസിഡന്റായി കോണ്ഗ്രെസിൽ നിന്നുള്ള ശുഹൈബ് ബാബു പുളിക്കലകത്തിനെയും തിരഞ്ഞെടുത്തു. എസ് എം സി ചെയർമാനായി മുസ്ലിം ലീഗിൽ നിന്നുള്ള സലീം പൂഴിക്കലിനെയും ലീഗിൽ നിന്ന് തന്നെയുള്ള അബ്ദുസ്സലാം ഹാജി പനമ്പിലായിയെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ലീഗ് നോമിനികളായി 7 പേരെയും ലീഗ് ഇതര കക്ഷികളിൽ നിന്ന് 5 പേരെയും തിരഞ്ഞെടുത്തു. അതേ സമയം, പി ടി എ യിൽ ഉൾപ്പെടുത്തരുതെന്ന് ലീഗ് ഇതര വിഭാഗം ശഠിച്ചിരുന്ന മൂന്നാം വാർഡ് അംഗവും ലീഗ് നേതാവുമായ സൈതലവി ഊർപ്പായിയെ എസ് എം സി കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ മാസം നടന്ന ജനറൽ ബോഡി തിരഞ്ഞെടുപ്പ് ഇരുവിഭാഗം സംഘടിച്ചതോടെ ബഹളത്തിൽ കലാശിച്ചിരുന്നു. ലീഗ് അനുകൂലികളും ലീഗ് ഇതരരുമാണ് സംഘടിച്ചിരുന്നത്. സംഘർഷമയതോടെ ജനറൽ ബോഡി പിരിച്ചു വിടുകയായിരുന്നു. തുടർന്ന് ലീഗ് നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചക്കൊടുവിൽ സമവായത്തിൽ എത്തുകയായിരുന്നു. തുടർന്ന് ഉൾപ്പെടുത്തേണ്ട അംഗങ്ങളെ കുറിച്ച് ധാരണയിലെത്തി. ഇന്ന് ഉച്ചയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാനൽ അവതരിപ്പിക്കുകയായിരുന്നു. ഈ പാനൽ ജനറൽ ബോഡി ഐക്യഖണ്ഡേന പാസാക്കി.