
തിരൂരങ്ങാടി : യുഡിഎഫ് ഭരണ സമിതി കൈയ്യാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുടെ പണം തിരിച്ച് നല്‍കാതെ കബളിപ്പിച്ച സംഭവത്തില്‍ 5 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി, എടരിക്കോട്, കോട്ടക്കല്‍, വെന്നിയൂര്‍, കോഴിചെന സ്വദേശികളാണ് പരാതി നല്‍കിയത്.
തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരില്‍ നിന്ന് പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിച്ച് കബളിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ലക്ഷങ്ങള്‍ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവരാണ് പരാതിയുമായി രംഗത്തെത്തിയത്. നിരവധി തവണ കളക്ടര്‍ക്കും അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇരകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
മഞ്ചേരി വായപ്പാറപടി സ്വദേശി എന്‍പൂര്‍മന വാമനന്‍ നമ്പൂതിരി, ഭാര്യ ജയശ്രീകുമാരി, എടരിക്കോട് സ്വദേശി മാടത്താനിയില്‍ ജോര്‍ജ് എംജി, കോട്ടക്കല്‍ പൂഴിക്കുന്ന് സ്വദേശി ശ്രീഭദ്രം വീട്ടില്‍ ശശികുമാര്‍, വാളക്കുളം കോഴിചെന സ്വദേശി അരിമ്പ്ര മൊയ്തൂട്ടി, വെന്നിയൂര്‍ കൊടക്കല്ല് സ്വദേശി വളമംഗലത്ത് കൃഷ്ണന്‍ എന്നിവരാണ് കോട്ടക്കല്‍ എസ്‌ഐ മുമ്പാകെ പരാതി നല്‍കിയിരിക്കുന്നത്.
മഞ്ചേരി വായപ്പാറപടി സ്വദേശി എന്‍പൂര്‍മന വാമനന്‍ നമ്പൂതിരി 29,31,900 രൂപയാണ് തെന്നല ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ജയശ്രീകുമാരി 25 ലക്ഷം രൂപയും എടരിക്കോട് സ്വദേശി മാടത്താനിയില്‍ ജോര്‍ജ് എംജി 67,53,315 രൂപയും കോട്ടക്കല്‍ പൂഴിക്കുന്ന് സ്വദേശി ശ്രീഭദ്രം വീട്ടില്‍ ശശികുമാര്‍ 13,10,000 രൂപയും കോഴിചെന സ്വദേശി അരിമ്പ്ര മൊയ്തൂട്ടി 80 ലക്ഷം, കൊടക്കല്ല് സ്വദേശി വളമംഗലത്ത് കൃഷ്ണന്‍ 25 ലക്ഷവുമാണ് ബാങ്കില്‍ നിക്ഷേപിച്ചത്.
പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ച ശേഷം ബാങ്ക് അധികൃതര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് പഅവര്‍ പരാതിയില്‍ പറയുന്നു. ബാങ്ക് ഭരണ സമിതിക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. നിവധി പേര്‍ വഞ്ചിക്കപ്പെട്ട കേസില്‍ നിലവില്‍ ആദ്യ കേസാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കബളിക്കപ്പെട്ട കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
രാഷ്ട്രീയപരമായും വ്യക്തിപരമായും ഉള്ള ബന്ധങ്ങള്‍ മുതലെടുത്തു കൊണ്ടാണ് ഭരണ സമിതി അംഗങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിപ്പിച്ചത്. എന്നാല്‍ പണം നിക്ഷേപിച്ച ശേഷം പലിശ നല്‍കിയതുമില്ല. ഇതിനു പിന്നാലെ കല്യാണമടക്കമുള്ള ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ എത്തിയപ്പോഴായിരുന്നു ബാങ്കില്‍ പണമില്ലെന്ന് നിക്ഷേപകര്‍ അറിയുന്നത്. തുടര്‍ന്ന് നിരവധി പ്രതിഷേധ സമരങ്ങളും പഞ്ചിക്കപ്പെട്ട നിക്ഷേപകരുടെ കൂട്ടായ്മയും ഉണ്ടാക്കി നിരവധി പരാതികളും അധികൃതര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ മൂന്നു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.