ഡ്രൈവിംഗ് ടെസ്റ്റില്‍ വന്‍ ക്രമക്കേട് ; ഉദ്യോഗസ്ഥര്‍ക്ക് പരിധി നിശ്ചയിച്ചു

മലപ്പുറം : ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ് എന്നിവ നടത്തുന്നതില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഓരോ ഉദ്യോഗസ്ഥനും നടത്തേണ്ട ടെസ്റ്റുകളുടെ പരിധി നിശ്ചയിച്ചു. മലപ്പുറം പൊന്നാനി ആര്‍ടിഒ ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒരു ദിവസം 5 മണിക്കൂറിനകം 147 ഡ്രൈവിങ് ടെസ്റ്റ് നടത്തുകയും ഇതില്‍ 100 പേര്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുകയും ഈ സമയം തന്നെ 50 വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുകയും ഉച്ചയ്ക്കു ശേഷം 38 ഹെവി ലൈസന്‍സ് ടെസ്റ്റ് നടത്തുകയും പഴയ ലൈസന്‍സ് പുതുക്കാനെത്തിയ 16 പേരുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുകയും ചെയ്തുവെന്നും കണ്ടെത്തി. ഒറ്റ ദിവസം ഒരു ഉദ്യോഗസ്ഥന്‍ എത്ര ശ്രമിച്ചാലും ഇത്രയും ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നിരിക്കെ ഇതില്‍ ക്രമക്കേടും അഴിമതിയും നടന്നതായാണു വിലയിരുത്തല്‍. തുടര്‍ന്നാണു ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ടു ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്കും റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍ക്കും ജോയിന്റ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കര്‍ശന നിര്‍ദേശത്തോടെ ഉദ്യോഗസ്ഥര്‍ ദിവസം നടത്തേണ്ട ടെസ്റ്റുകള്‍ക്കു പരിധി നിശ്ചയിച്ചത്.

പുതുക്കിയ രീതി ഇങ്ങനെ:

ഉദ്യോഗസ്ഥരുടെ ലഭ്യതയ്ക്ക് അനുസരിച്ചു മാത്രമേ ബാച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താവൂ.

ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്‍ അന്നു തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്.

ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍, മോട്ടര്‍ സൈക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്‍ അന്നത്തെ ദിവസം ഹെവി ഡ്രൈവിങ് ടെസ്റ്റ് വീണ്ടും മറ്റൊരു ബാച്ചായി നടത്താന്‍ പാടില്ല. ഫിറ്റ്‌നസ് ടെസ്റ്റ് ഇല്ലാത്ത ദിവസം ഹെവി ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ (എംവിഐ) ചുമതലപ്പെടുത്താം.

ഒരു എംവിഐ ദിവസം പരമാവധി 40ല്‍ (25 എണ്ണം ആദ്യമായി എത്തുന്നവര്‍, 10 എണ്ണം പരാജയപ്പെട്ടവര്‍ക്കു വീണ്ടും നടത്തുന്ന ടെസ്റ്റ്, 5 എണ്ണം വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി പോകുന്നവര്‍) കൂടുതല്‍ ടെസ്റ്റ് നടത്തരുത്.

പാര്‍ട്ട് വണ്‍ ടെസ്റ്റ് നടത്തുന്ന എഎംവിഐ ഒരു സമയം ഒന്നില്‍ കൂടുതല്‍ ട്രാക്കില്‍ ടെസ്റ്റ് നടത്തരുത്. ഒരേ സമയം മോട്ടര്‍ സൈക്കിളിന്റെ എട്ട് എടുപ്പിക്കലും മോട്ടര്‍ വാഹനത്തിന്റെ എച്ച് എടുപ്പിക്കലും നടത്തരുത്. ഒരേ സമയം ഒന്നില്‍ കൂടുതല്‍ എട്ട് , എച്ച് ട്രാക്കുകളും അനുവദിക്കരുത്.

ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്‍ തന്നെ ലൈസന്‍സ് സാരഥിയില്‍ ഇഷ്യു ചെയ്യണം

എന്‍ഫോഴ്‌സ്‌മെന്റിലുള്ള ഉദ്യോഗസ്ഥരെ തുടര്‍ച്ചയായി 15 ദിവസത്തിലധികം ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ നിയോഗിക്കരുത്. കൂടാതെ ഈ ഉദ്യോഗസ്ഥര്‍ ടെസ്റ്റ് സമയം കഴിഞ്ഞാല്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തണം.

ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നീ ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്. ഒഴിവാക്കാനാവാത്ത സാഹചര്യം ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.

ഓരോ ഓഫിസിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ദിവസവും സമയവും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ദിവസവും സമയവും ലേണേഴ്‌സ് ടെസ്റ്റ്, ഹെവി ഡ്രൈവിങ് ടെസ്റ്റ് എന്നിവ നടത്തുന്ന ദിവസവും സമയവും മുന്‍കൂട്ടി നിശ്ചയിച്ച് നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.

error: Content is protected !!